ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഫിഫയുടെ ഇടപെടൽ തേടി ഫുട്ബോള്‍ താരങ്ങൾ. ഓള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലന്നും ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ഫിഫ മുന്നോട്ടുവരണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ താരങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അതിശയോക്തിയായി തോന്നാമെങ്കിലും, മാനുഷികവും കായികവും സാമ്പത്തികവുമായ പ്രതിസന്ധിയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്.
ജനുവരി മാസത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്റെ ഞങ്ങളെ സ്ക്രീനുകളിൽ ഉണ്ടാകേണ്ടതായിരുന്നു എന്നാല്‍ ഞങ്ങളിവിടെ എത്തിയത് ഒരു അപേക്ഷയുമായാണ് എന്നാണ് താരങ്ങള്‍ പറയുന്നത്. ''ഇന്ത്യന്‍ ഫുട്ബോളില്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയാണ്. കളിക്കാർക്കും സ്റ്റാഫിനും ഉടമകൾക്കും ആരാധകർക്കും വ്യക്തതയും സംരക്ഷണവും ഭാവിയും വേണം. ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഫിഫയോട് അഭ്യർത്ഥിക്കുന്നു'' എന്നും താരങ്ങള്‍ വിഡിയോയില്‍ പറയുന്നു.
2025-26 വര്‍ഷത്തിലെ ഐഎസ്എല്‍ സീസണ്‍ എപ്പോള്‍ ആരംഭിക്കും എന്നതിനെ പറ്റി ഇതുവരെ വ്യക്തതയില്ല. ഇതുവരെ സീസണ്‍ ആരംഭിക്കാത്തതിനാല്‍ എഎഫ്സി ചാംപ്യന്‍സ് ലീഗുകളുടെ യോഗ്യതയ്ക്കുള്ള മാനദണ്ഡമായ 24 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്ലബുകള്‍ക്ക് സാധിക്കില്ല. അതിനാല്‍
പങ്കാളിത്ത ഫീസ് ഒഴിവാക്കുകയും 2025-26 സീസണിലെ സംഘടന-പ്രവർത്തന ചെലവുകളുടെ സാമ്പത്തിക ഉത്തരവാദിത്ത എഐഎഫ്എഫ് ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമെ ലീഗില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് ക്ലബുകള്‍ അറിയിച്ചത്. 24 മത്സരങ്ങള്‍ എന്ന യോഗ്യത മാനദണ്ഡത്തില്‍ ഇളവ് നല്‍കാന്‍ എഎഫ്‍സിയോട് അഭ്യര്‍ഥിക്കാനും ക്ലബുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.