കാത്തിരിപ്പിന് വിരാമമിട്ട് 2026 ഫുട്ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. 48 ടീമുകൾ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ മെസിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഈസി ഗ്രൂപ്പിലാണ്. ഇംഗ്ലണ്ടും ക്രൊയേഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എല്‍ ആണ് ഇത്തവണത്തെ മരണഗ്രൂപ്പ്. അതോടൊപ്പം അവസരങ്ങളുടെ ഗ്രൂപ്പും ചില താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഗ്രൂപ്പുമുണ്ട്. ഒപ്പം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ചില വമ്പന്‍ പോരാട്ടങ്ങളും കാണാം.
അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും ഗ്രൂപ്പായ J യില്‍ ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദന്‍ ടീമുകളാണ് ഉള്ളത്. റൗണ്ട് ഓഫ് 32വിലേക്ക് അനായാസം അര്‍ജന്റീന കടക്കും. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് K യില്‍ കൊളംബിയ, ഉസ്ബെക്കിസ്ഥാന്‍, പ്ലേ ഓഫ് കളിച്ചെത്തുന്ന ഒരു ടീം എന്നിവരായിരിക്കും.
2026 ലോകകപ്പിലെ മരണഗ്രൂപ്പ് ഗ്രൂപ്പ് എല്‍ ആണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ എന്നിവയാണ് ഈ ടീമില്‍ മാറ്റുരയ്ക്കുക. ലോകകപ്പ് ഫൈനൽ കളിക്കാൻ ശേഷിയുള്ള ടീമുകളാണ് ക്രൊയേഷ്യയും ഇംഗ്ലണ്ടും. ഫിഫ റാങ്കിങിൽ 72-ാം സ്ഥാനത്താണെങ്കിലും യൂറോപ്പിൽ കളിക്കുന്ന മികച്ച താരനിര ഘാനയ്ക്കുണ്ട്. കോൺകകാഫിലെ മികച്ച നാല് ടീമുകളിലൊന്നാണ് പനാമ. ഈ മരണഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ഇംഗ്ലണ്ടോ ക്രൊയേഷ്യയോ ആയിരിക്കും.
അവസരങ്ങളുടെ ഗ്രൂപ്പ്, ഗ്രൂപ്പ് G ആണ്. ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് Gയില്‍ ഉള്ളത്. ബെൽജിയം ടീം തലമുറമാറ്റത്തിന്റെ ഘട്ടത്തിലാണ്. തലമുറ മാറ്റത്തോടെയെത്തുന്ന ബെല്‍ജിയം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നോ രണ്ടോ അട്ടിമറികളിലൂടെ ഗ്രൂപ്പ് ജേതാക്കളാകാന്‍ ഈജിപ്തിനും ഇറാനും സ്വപ്നം കാണാൻ അവസരമുണ്ട്. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ന്യൂസീലൻഡിനുമുണ്ടാകും.
ഇന്ററസ്റ്റിങ് ഗ്രൂപ്പുകള്‍..ഗ്രൂപ്പ് സിയും ഗ്രൂപ്പ് ഐയും ഗ്രൂപ്പ് ഇയും ആണ് ഈ ഗണത്തില്‍പ്പെടുന്നത്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, മൊറോക്കോ,സ്കോട്ട്ലന്‍ഡ്, ഹെയ്തി എന്നീടീമുകളാണ്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയെ അപകടകാരികളാക്കുന്നു. ഗ്രൂപ്പ് ഐയില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഗോള്‍വേട്ടക്കാരുടെ നേര്‍ക്ക് നേര്‍ പോരിന് സാക്ഷ്യം വഹിക്കും. എംബാപ്പെയുടെ ഫ്രാന്‍സും ഹാളണ്ടിന്റെ നോര്‍വേയും ഏറ്റുമുട്ടുമ്പോള്‍ ഫുട്ബോള്‍ മൈതാനത്തിന് തീപിടിക്കാം. ഗ്രൂപ്പ് ഇയില്‍ ജര്‍മനിക്കൊപ്പം ഇക്വഡോര്‍, ഐവറി കോസ്റ്റ്, കുറസോ എന്നീടീമുകളാണ് ഉള്ളത്. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായ കുറസോ അത്താഴം മുടക്കുമോ എന്നാണ് അറിയേണ്ടത്.
ഇറ്റലി പ്ലേ ഓഫ് കടന്നെത്തിയാൽ സഹ ആതിഥേയരായ കാനഡയുടെ ഗ്രൂപ്പ് ബി അതിശക്തമാകും. തുർക്കി യോഗ്യത നേടിയാൽ യുഎസ്എയുടെ ഗ്രൂപ്പ് Dയുടെ കാര്യവും സമാനമാകും.
ഗ്രൂപ്പിലെ മികച്ച മത്സരങ്ങൾ
ഗ്രൂപ്പ് സിയില്‍ ബ്രസീൽ - മൊറോക്കോ, ഗ്രൂപ്പ് ജിയില്‍ ഈജിപ്ത്–ഇറാന്‍ മല്‍സരം. മുസ്ലിം ലോകത്തെ രണ്ട് വലിയ ഫുട്ബോള്‍ ശക്തികളുടേതാകും.
ഗ്രൂപ്പ് എച്ചില്‍ സ്പെയിൻ - യുറഗ്വായ് ഗ്രൂപ്പ് ഐയില്‍ ഫ്രാൻസ് - നോർവെ, ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ട്–ക്രൊയേഷ്യ, ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗല്‍–കൊളംബിയ മല്‍സരങ്ങള്‍ കടുപ്പമാകും.
കൗതുകമുണർത്തുന്ന മുഹൂർത്തങ്ങൾ
ചരിത്രത്തിന്റെ തനിയാവർത്തനം 2010ലെ ഉദ്ഘാടന മല്‍സരം കളിച്ച മെക്സിക്കോയും ദക്ഷിണാഫ്രിക്കയും 2026ലെ ഉദ്ഘാടന മല്‍സരത്തിലും കളിക്കും. 28 വർഷത്തിനുശേഷം ലോകകപ്പിനെത്തുന്ന സ്കോട്‌ലൻഡിന് 1998-ൽ ലഭിച്ച അതേ എതിരാളികളെയാണ് ഗ്രൂപ്പിൽ കിട്ടിയത്. ബ്രസീലും മൊറോക്കോയും. 2002-ൽ ലോകകപ്പിലെ എക്കാലത്തെയും വലിയ അട്ടിമറികളിലൊന്ന് സമ്മാനിച്ച സെനഗലുമായി ഫ്രാൻസ് വീണ്ടും ഏറ്റുമുട്ടും 2026ല്‍. 1982-ൽ പശ്ചിമ ജർമനിയുമായി ഒത്തുകളിച്ച് തങ്ങളെ പുറത്താക്കി എന്ന് വിശ്വസിക്കുന്ന ഓസ്ട്രിയയോട് 44 വർഷങ്ങൾക്കുശേഷം കണക്കുതീർക്കാൻ അൾജീരിയക്ക് ഇക്കുറി അവസരമുണ്ട്. പ്ലേ ഓഫ് ജയിച്ചെത്തിയാൽ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെ നേരിടും. മല്‍സരം ടൊറന്റോയിലായിരിക്കും. കാനഡയിലെ ഇറ്റാലിയൻ വംശജരിൽ 30 ശതമാനവും താമസിക്കുന്ന നഗരമാണ് ടൊറന്റോ. ഗ്രൂപ്പ് ഘട്ടവും റൗണ്ട് ഓഫ് 32 ഉം പ്രീക്വാര്‍ട്ടറും കടന്നാല്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടും. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുക.