അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഈ സീസണിലെ ഐഎസ്എല്‍ ടൂര്‍ണമെന്റിനുള്ള തയാറെടുപ്പിലാണ് ഓള്‍ ഇന്ത്യ ഫുള്‍ബോള്‍ ഫെഡറേഷന്‍. ക്ലബ് അധികൃതരുമായി ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ഐഎസ്എല്ലിന്റെ ഭാവി കൂടി മുന്നില്‍ കണ്ടാണ് ഫെഡറേഷന്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതേസമയം, ഒരു മാസത്തെ ഇടവേളയില്‍ ടീമുകളെ സജ്ജമാക്കുക എന്നത് ക്ലബുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. 

ഐഎസ്എല്ലിന്റെ അടുത്ത 20 വര്‍ഷത്തെ ഭാവി ലക്ഷ്യമിട്ടാണ് എഐഎഫ്എഫ് പദ്ധതി തയ്യാറാക്കുന്നത്. കടന്നുപോകുന്ന പ്രതിസന്ധികളില്‍ നിന്നുള്ള തിരിച്ചുവരവ്, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കല്‍, കൂടുതല്‍ രാജ്യാന്തര താരങ്ങളെ എത്തിക്കുക എന്നിങ്ങനെ ഫെഡറേഷന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ദീര്‍ഘകാലത്തേക്കുള്ള കൊമേഷ്യല്‍ പാർട്ണർ ആകാനുള്ള  അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 20 വരെയാണ്. 2026–27  സീസണിലെ ടൂര്‍ണമെന്റിന്റെ  സുഗമമായ നടത്തിപ്പിന്, സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെയ് 25 ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. 

2025–26 സീസണിനായി 24.26 കോടി രൂപയാണ് എഐഎഫ്എഫ് കണക്കാക്കുന്ന ബജറ്റ്. ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ലീഗിലേക്ക് സ്പോണ്‍സര്‍മാര്‍ എത്തുമോയെന്ന് തുടങ്ങി, ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങളുണ്ട്. നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് പല രാജ്യാന്തര താരങ്ങളും ക്ലബുകള്‍ വിട്ട് പോയതും, പരിശീലനം അടക്കം മുടങ്ങിയതും വെല്ലുവിളിയാണ്.  ഐഎസ്എല്‍ പ്രതിസന്ധി പരിഹരിച്ചാലും അതുണ്ടാക്കിയ മോശം ഇമേജ് മറികടക്കാന്‍ എത്ര കാലമെടുക്കും എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒരിക്കല്‍ പ്രതിസന്ധിയിലായ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മികച്ച വിദേശതാരങ്ങള്‍ എത്തുമോയെന്നും സംശയമാണ്. 

ക്ലബുകള്‍ക്കായി കളിച്ചിരുന്നവര്‍ പോലും തിരികെയെത്തുമോയെന്നതില്‍ ക്ലബുകള്‍ക്ക് തന്നെ ആശയക്കുഴപ്പമുണ്ട്.  ക്ലബുകള്‍ക്ക് ഇതുവരെയുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍, താരങ്ങളുടെ നഷ്ടപ്പെട്ട വിലപ്പെട്ട സമയം, അവസരങ്ങള്‍ ഇവയ്ക്കൊന്നും പരിഹാരം കണ്ടെത്തിയിട്ടില്ല എന്നതും മറ്റൊരു വസ്തുതാണ്. എങ്കിലും അനിശ്ചിതത്വത്തിന്റെ കാര്‍മേഘം ഒഴിഞ്ഞ് കളിക്കളങ്ങള്‍ സജീവമാകുന്നത് താരങ്ങള്‍ക്ക് പ്രതീക്ഷയാണ്. 

ENGLISH SUMMARY:

ISL Tournament preparation is underway by the All India Football Federation after a period of uncertainty. The federation is making decisions with an eye toward the future of the ISL, even as clubs face the challenge of preparing their teams in a one-month interval.