ലയണൽ മെസിയുടെ അർജന്‍റീന ടീം നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് അർജന്‍റീനയിലെ മാധ്യമമായ ലാ നാസിയോൺ. മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന പുരുഷ ഫുട്ബോൾ ടീമിന്‍റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിൻഡോയിൽ (നവംബർ 10-18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്‍റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ (എഎഫ്എ)  റിപ്പോർട്ടിലാണ് ലാ നാസിയോണിന്‍റെ പരാമർശം.

‘നവംബറിൽ കേരള സന്ദര്‍ശനം സാധ്യമാക്കാൻ ഞങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു. ഫീൽഡ്, ഹോട്ടൽ സന്ദർശനവും കൂടിക്കാഴ്ച്ചയും നടന്നു. പക്ഷേ ഇന്ത്യയ്ക്ക് ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല’ എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ലാ നാസിയോൺ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ തീയതി കണ്ടെത്തുന്നതിനായി കരാർ പുനഃക്രമീകരിക്കുകയാണ് ചെയ്യാൻ പോകുന്നത്. അടുത്ത വർഷം മാർച്ചിൽ ഈ സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും ലാ നാസിയോൺ വ്യക്തമാക്കി.

കഴിഞ്ഞ മാസം എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേൽ കാബ്രേര, സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ കാബ്രേരയെ സ്റ്റേഡിയത്തിൽ വെച്ച് കാണുകയും മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മത്സരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ പ്രക്ഷേപണ കമ്പനി, നവംബർ 17 ന് കൊച്ചിയിൽ അർജന്റീനയുമായി സൗഹൃദ മത്സരം നടത്താൻ ഓസ്‌ട്രേലിയ സമ്മതിച്ചതായും പറഞ്ഞു. പക്ഷേ ഇത് ഒസ്ട്രേലിയൻ മാധ്യമങ്ങളോ, ഫുട്ബോൾ അസോസിയേഷനോ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY:

Argentine media outlet La Nación has reported that Lionel Messi and the Argentina national football team will not visit Kerala this November. The decision follows repeated contract violations, according to the Argentine Football Association (AFA). Officials mentioned that India failed to meet key requirements despite a prior inspection visit. However, Kerala sponsors insist that the friendly match against Australia will take place as scheduled, with preparations including stadium renovations continuing. AFA is reportedly exploring the possibility of rescheduling the match for March next year.