തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാറിനെതിരെ ഹര്‍ജി. സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ പദവിക്ക് അയോഗ്യനാണെന്നും അയോഗ്യനായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഡോ.ബി. അശോക് ഐഎഎസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. എതിർകക്ഷികളായ കെ.ജയകുമാർ IAS (റിട്ട), തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റ് ഇൻ ഗവണ്‍മെന്‍റ് സെക്രട്ടറി എന്നിവർ 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടിസ് അയച്ചു. തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ ജയകുമാർ നിയമത്തിലെ 7(iii) വകുപ്പ് പ്രകാരം അയോഗ്യനായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വകുപ്പ് പ്രകാരം സർക്കാരിന്‍റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്‍റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വാദം.
2012 ൽ IAS നിന്ന് വിരമിച്ച കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റ് ഇൻ ഗവണ്‍മെന്‍റ് (IMG) എന്ന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്ടർ ആണ്. ആ പദവിയിലെ നിയമനം ഐഎഎസ് കേഡർ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷൻ ഹർജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പറയാൻ മാറ്റിയിരുന്നു. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്‍റായും നിയമിതനായപ്പോഴും, സത്യപ്രതിജ്ഞ ചെയ്ത് ചാർജ് ഏറ്റെടുത്തപ്പോഴും, തുടർന്ന് ഇപ്പോഴും കെ.ജയകുമാർ സർക്കാർ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്. സർക്കാറിന്റെ കീഴിൽ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോർഡ് ചെയർമാൻ പദവിയെന്നും വാദമുണ്ട്. ഹർജികക്ഷിക്ക് വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ സാജൻ സേവ്യർ എന്നിവർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരായി.
നവംബര്‍ 14നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സ്ഥാനമേറ്റത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അഞ്ചു വര്‍ഷം മലയാളം സര്‍വകലാശാലയുടെ വിസിയായിരുന്നു. ഐഎംജി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമനം ലഭിച്ചത്.