ഫുട്ബോൾ ആരാധകർക്ക് ഇനി  ഉറക്കമില്ലാത്ത രാവുകൾ. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ വമ്പന്‍മാര്‍ ഇന്ന് മുതൽ കളത്തിലിറങ്ങുന്നു. വൻകരയിലെ മുൻനിര ക്ലബുകൾ ഏറ്റുമുട്ടുന്ന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്‍റെ പുതിയ എഡിഷന് ഇന്ന് രാത്രി തുടക്കം. പുതിയ ഫോർമാറ്റിലേക്ക് മാറിയ ലീഗിന്‍റെ രണ്ടാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്.

36 ടീമുകൾ ടൂര്‍ണമെന്‍റില്‍ ഏറ്റുമുട്ടും. ആദ്യഘട്ടത്തില്‍ ഓരോ ടീമിനും എട്ട് വീതം മത്സരങ്ങളാണുണ്ടാകും. പോയിന്‍റ് പട്ടികയിൽ ആദ്യ എട്ടിലെത്തുന്ന ടീമുകളോടൊപ്പം പ്ലേ ഓഫിലൂടെ കടക്കുന്ന ബാക്കി എട്ട് ടീമുകളും പ്രീ ക്വാർട്ടറിലേക്ക് കടക്കും. ഫ്രഞ്ച് ലീഗിലെ കരുത്തരായ പാരിസ് സെന്‍റ്  ജെർമെയ്നാണ് നിലവിലെ ചാംപ്യന്മാർ. മൂന്ന് ദിവസങ്ങളിലായാണ് ആദ്യ റൗണ്ട് മത്സരങ്ങൾ.

ഇംഗ്ലണ്ടിൽ നിന്ന് ആറും, സ്പെയിനിൽ നിന്ന് അഞ്ചും ടീമുകൾ ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നുണ്ട്. ഹംഗറിയിലെ പുഷ്‍കാസ് അരീനയില്‍ 2026 മേയ് 30നാണ് വൻകരയുടെ അങ്കത്തിന്‍റെ കലാശപ്പോരാട്ടം. മുൻചാംപ്യന്മാരായ റയൽ മഡ്രിഡ് ഉൾപ്പെടെ വമ്പന്മാർ ആദ്യ ദിനത്തിൽ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 10.15ന് ആര്‍സനലും അത്‍ലറ്റിക് ക്ലബും തമ്മിലാണ് ആദ്യ മത്സരം.

ENGLISH SUMMARY:

Champions League is commencing with top European clubs competing. The new edition starts tonight featuring 36 teams and a revised format, promising exciting matches until the final in May 2026.