കളിക്കളമില്ലാത്തത് പരിമിതിയായി കണ്ട് പിന്മാറാൻ ഒരു പറ്റം കുരുന്നുകളും അവരുടെ കായികാധ്യാപകനും തയാറായില്ല. ഉള്ള സ്ഥലത്ത് 10 വയസിൽ താഴെയുള്ളവരുടെ ഇന്‍റര്‍ സ്കൂൾ ഫുട്ബോൾ ടൂർണമെന്‍റ് വരെ സംഘടിപ്പിച്ചു. കായംകുളം ഗവ.ടൗൺ യുപിഎസിലാണ് ഫുട്മ്പോൾ മൽസരം നടന്നത്.
കായംകുളം നഗരസഭ പരിധിയിലെങ്ങും സ്റ്റേഡിയമോ സർക്കാർ സ്കൂളുകളിൽ കളിസ്ഥലമോ ഇല്ല. കായംകുളം ഗവ. ടൗൺ യുപിഎസിൽ ആകെയുള്ളത് 20 മീറ്റർ സ്ഥലമാണ്. കായികാധ്യപകനായി രണ്ട് വർഷം മുൻപ് ചുമതലയേറ്റ മുഹമ്മദ് ജാബിർ നിരാശനായില്ല. കുട്ടികളെ കൂട്ടി വിവിധ ഇനങ്ങളിൽ കായിക പരിശീലനം നൽകി. കായംകുളം എംഎസ്എം കോളജ് അടക്കമുള്ള സ്ഥലങ്ങളിൽ കുട്ടികളുമായി പോയി പരിശീലനം നൽകി.
ഒടുവിൽ ഈ 20 മീറ്റർ സ്ഥലത്ത് കായംകുളത്തെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് കിഡ്സ് കട്ട് പോസ്റ്റ് ഫുട്ബോൾ മൽസരം നടത്തി. നഴ്സറി മുതൽ ഏഴുവരെ 450 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ബാസ്കറ്റ് ബോൾ, സോഫ്റ്റ് ബോൾ, റോൾ ബോൾ എന്നീ വിഭാഗങ്ങളിൽ സംസ്ഥാന താരങ്ങൾ ഈ സ്കൂളിൽ നിന്നുണ്ട്.
ആഴ്ചകൾ എടുത്താണ് ചെറിയ ഈ സ്ഥലം ഫുട്ബോൾ കളിക്കാൻ അനുയോജ്യമാക്കിയത്. മാതാപിതാക്കളും കുട്ടികളും കുഞ്ഞുതാരങ്ങൾ പന്തുമായി കുതിക്കുന്നത് കണ്ടപ്പോൾ ആരവമുയർത്തി അവരെ പ്രോൽസാഹിപ്പിച്ചു