എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഖാലിദ് ജമീല്‍. സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കാഫ നാഷന്‍സ് കപ്പില്‍ ടീമിലില്ലാതിരുന്ന സുനില്‍ ഛേത്രി ടീമിലേക്ക് തിരിച്ചെത്തിയെന്നാണ് പ്രധാനപ്പെട്ട പ്രത്യേകത. ഏഴ് മലയാളി താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
കാഫ നാഷന്‍സ് കപ്പില്‍ കളിച്ച മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ് എന്നിവരും ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടംനേടി. ഇവരെ കൂടാതെ അണ്ടര്‍ 23 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഐമന്‍, വിബിന്‍ മോഹനന്‍, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സനാന്‍ എന്നിവരും ടീമിലെത്തി. വിക്രം പ്രതാപ് സിംഗ്, പാര്‍ഥിബ് ഗോഗോയ് എന്നീ യുവതാരങ്ങളും സാധ്യതാ ടീമിലുണ്ട്. ഗോള്‍കീപ്പര്‍മാരായി ഗുര്‍പ്രീത് സിംഗ് സന്ധുവും അമരീന്ദര്‍ സിങ്ങുമുണ്ട്.
നിലവിൽ ഗ്രൂപ്പ് സിയിൽ നാല് ടീമുകളിൽ ഏറ്റവും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനോട് സമനിലയും (0-0), ഹോങ്കോങ്ങിനോട് തോൽവിയും (0-1) വഴങ്ങിയതാണ് ഇന്ത്യയുടെ നില പരുങ്ങലിലാക്കിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർക്ക് മാത്രമേ ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടാനാകൂ.
ഒക്ടോബര്‍ ഒന്‍പതിന് സിംഗപ്പൂരിലാണ് എവേ മത്സരം നടക്കുക. 14ന് ഗോവയിലെ മഡ്ഗാവില്‍ ഹോം മത്സരവും നടക്കും. കാഫ നേഷൻസ് കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെങ്കല മെഡൽ നേടിയ ഇന്ത്യ, ആ ആത്മവിശ്വാസം ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും നിലനിർത്താൻ ശ്രമിക്കും. മത്സരങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള ക്യാംപ് സെപ്റ്റംബര്‍ 20ന് ബെംഗളൂരുവില്‍ ആരംഭിക്കും.