സന്തോഷ് ട്രോഫി സെമിയില്‍ കേരളം ഇന്ന് പഞ്ചാബിനെതിരെ. ക്വാര്‍ട്ടറിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളമിറങ്ങുന്നത്. ഉച്ചയ്ക്ക് ഒന്ന് മുപ്പതിന് അസമിലാണ് പോരാട്ടം.

ക്വാര്‍ട്ടറില്‍ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസം. ഗ്രൂപ്പ് സ്റ്റേജില്‍ ഒരിക്കല്‍ മാത്രമേ തൊറ്റിട്ടുള്ളൂ എന്ന ആവേശം. ഇതുവരെയുള്ള മികവ് തുടര്‍ന്നാല്‍ എട്ടാം സന്തോഷ് കിരീടം ലക്ഷ്യമിടുന്ന ടീം കേരളയ്ക്ക് പഞ്ചാബ് വലിയ ഏതിരാളികളാകില്ല. ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു അന്ന് കേരളത്തിന്റെ തിരിച്ചുവരവ്. 

ക്വാര്‍ട്ടറില്‍ അസമിനെതിരെ അജ്സലിനെ ഏക ഫോര്‍വേ‍ഡാക്കി 4–5–1 ശൈലിയില്‍ ഇറങ്ങിയ കേരളത്തിന്റ പദ്ധതി വിജയംകണ്ടിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ പിഴവുകള്‍ തിരുത്തി ആക്രമണവും പ്രതിരോധവും ഒരുപോലെ മികവുകാട്ടിയ ക്വാര്‍ട്ടറിലെ കളി ആവര്‍ത്തിച്ചാല്‍ പഞ്ചാബിനെ അനായാസം കീഴടക്കാം. വീണ്ടും ഫൈനലിലെത്താം. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. കേരളം ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്. മുന്‍ ചാംപ്യന്‍മാരായ ബെംഗാളിനെ തോല്‍പിച്ചെത്തിയ സര്‍വീസസും റെയില്‍വേയുമാണ് മറ്റൊരു സെമിയില്‍ ഏറ്റുമുട്ടുന്നത്.

ENGLISH SUMMARY:

Kerala is heading into the Santosh Trophy semi-final against Punjab with confidence after a commanding quarter-final victory. The team is aiming for their eighth Santosh Trophy title and is optimistic about their chances following a previous win against Punjab this season.