കൊല്ലത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു. ചവിട്ടുപടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അക്രമി കണ്ടക്ടറെ മർദിക്കുകയും ചെയ്‌തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറില്‍ വ്യാഴാഴ്ചയാണ് സംഭവം. കണ്ടക്ടറുടെ പരാതിയിൽ മർദിച്ചയാളെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിനെ മർദിച്ച പ്രതി അരുൺ ആണ് പിടിയിലായത്. പകരം കണ്ടക്ടർ വന്ന ശേഷം ആണ് ബസ് സർവീസ് തുടർന്നത്.
കൊല്ലത്തുനിന്ന് മധുരയിലേക്ക് യാത്രതിരിച്ച ഫാസ്റ്റ് പാസഞ്ചറിലാണ് രാത്രി 11.10-ഓടെ കണ്ടക്ടർക്കുനേരേ ആക്രമണമുണ്ടായത്. പ്രതി അരുണ്‍ കൊല്ലം ബസ് സ്റ്റാൻഡിൽനിന്നാണ് ബസിൽ കയറിയത്. ബസിനുള്ളിലേക്ക് കയറാതെ ചവിട്ടുപടിയിൽ നിന്നായിരുന്നു യാത്ര. യാത്രക്കാർക്ക് കയറാനും ഇറങ്ങാനും തടസ്സമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ അരുണിനോട് ബസിനുള്ളിലേക്ക് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബസിൽ തിരക്കാണെന്നു പറഞ്ഞ പ്രതി ചവിട്ടുപടിയില്‍ നിന്നുതന്നെ യാത്ര തുടര്‍ന്നു. കേരളപുരത്ത് എത്തിയപ്പോൾ ബസിലെ തിരക്ക് കുറഞ്ഞെങ്കിലും ഉള്ളിലേക്ക് കയറാൻ അരുൺ തയ്യാറായില്ല. ബസിനുള്ളിലേക്ക് കയറിയില്ലെങ്കിൽ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ പ്രതി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
അസഭ്യം പറയുകയും മർദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തു. യാത്രക്കാർ ഇടപെട്ടാണ് കണ്ടക്ടറെ പ്രതിയിൽനിന്ന് രക്ഷപ്പെടുത്തിയത്. തടഞ്ഞുവെച്ച പ്രതിയെ ബസ് കുണ്ടറ സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറി. നെറ്റിയിൽ മുറിവേറ്റ വിനു കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും ചികിത്സതേടി. പകരം കണ്ടക്ടർ എത്തിയശേഷം ഏറെ വൈകിയാണ് ബസ് യാത്ര തുടർന്നത്.