തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബംഗാളില്‍ ആശങ്കയൊഴിയുന്നില്ല, സംസ്ഥാനമൊട്ടാകെ തൃണമൂല്‍ വേട്ട നടക്കുന്നുവെന്ന് ആരോപണങ്ങള്‍ ശക്തിപ്പെടുകയാണ്. വിജയാഘോഷങ്ങള്‍ക്കിടെ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ സ്ഥിതി സങ്കീര്‍ണമാവുകയാണ്. ബംഗാളിലെ പ്രശ്നങ്ങള്‍ കേരളത്തിന് ഒട്ടും നിസാരമായി കാണാന്‍ കഴിയില്ല എന്നതാണ് പ്രസക്തമായ കാര്യം. ഹോട്ടല്‍, നിര്‍മാണ മേഖലകളും പഴം, പച്ചക്കറി, ചെറുകിട വസ്ത്ര വ്യാപാരമേഖലകളുമെല്ലാം ചെറുതല്ലാത്ത പ്രതിസന്ധിയിലാണ്. ഈ മേഖലകളിലെല്ലാം ബംഗാളി കൈകളായിരുന്നു കരുത്ത്. എന്നാല്‍ വോട്ടുചെയ്യാന്‍ പോയ ഭായിമാരെല്ലാം ശരിക്കും ബൈ പറഞ്ഞുപോയതാണോയെന്നാണ് ഈ മേഖലകളിലുള്ളവരുടെ ആശങ്ക.
നിയമസഭാ തിരഞ്ഞെടുപ്പിനായി ബംഗാളിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തടിച്ചുകൂടിയ അതിഥിത്തൊഴിലാളികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും നേരത്തേ വാര്‍ത്തയായിരുന്നു. എന്നാല്‍ അന്നുപോയവരാരും തിരിച്ചുവരാന്‍ തയാറാകുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പന്ത്രണ്ടായിരത്തോളം അതിഥി തൊഴിലാളികള്‍ ബംഗാളിലേക്കും അസമിലേക്കും പോയിട്ടുണ്ടെന്നാണ് യൂണിയനുകളുടെ കണക്ക്.
വിമാന ടിക്കറ്റ് അടക്കം എടുത്തു നൽകാമെന്ന് തൊഴിൽ ഉടമകൾ വാഗ്ദാനം ചെയ്തിട്ടുപോലും മിക്കവരും മറുപടി നല്‍കുന്നില്ലെന്നാണ് സൂചന. വിളിക്കുമ്പോള്‍ ടിക്കറ്റ് കിട്ടുന്നില്ലെന്നാണ് പലരും പറയുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ.ടി.റഹീം പറയുന്നു. ചിലര്‍ ബക്രീദ് കഴിഞ്ഞുവരാമെന്ന് പറയുന്നുണ്ട്, പക്ഷേ കൃത്യമായ കാരണം പറയുന്നില്ലെന്നും റഹീം മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് ബസ് പിടിച്ചു പോയ ഒരു ചെറിയ ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. പോയവരുടെയെല്ലാം പ്രതീക്ഷ ബംഗാളില്‍ വീണ്ടും ദീദി (മമതാ ബാനര്‍ജി) വരുമെന്നായിരുന്നു.
ബിജെപി വരില്ലെന്നും വന്നാല്‍ പൗരത്വം നഷ്ടമായേക്കുമെന്നും ഇപ്പോള്‍ പോയി വോട്ട് ചെയ്ത് ദീദിയെ വിജയിപ്പിക്കണമെന്നും പറഞ്ഞാണ് ഇവരെല്ലാം കൂട്ടത്തോടെ പോയത്. ബിജെപി ഒരിക്കലും ബംഗാള്‍ പിടിക്കില്ലെന്നും പലരും അവകാശപ്പെട്ടിരുന്നു, വീട്ടുകാരും നാട്ടിലെ രാഷ്ട്രീയക്കാരും ഉള്‍പ്പെടെ അവരെ വിളിച്ച് വോട്ട് ചെയ്യാന്‍ വരാനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും റഹീം പറയുന്നു. അതേസമയം അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ പോയിട്ടും മമത രക്ഷപ്പെട്ടില്ലെന്ന് മാത്രമല്ല പതിനഞ്ച് വര്‍ഷത്തെ അധികാരവും അഭിമാനവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ന് തൃണമൂല്‍. ഇനിയാരും ബംഗാളില്‍ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ജോലി തേടി പോകേണ്ടി വരില്ലെന്നായിരുന്നു അധികാരത്തിലെത്തിയ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ഈ ഉറപ്പില്‍ വിശ്വസിച്ചാണോ ഭായിമാര്‍ കേരളത്തെ ഉപേക്ഷിച്ചതെന്ന സംശയവും ഇല്ലാതില്ല.
കെട്ടിട നിർമാണ കരാറുകാരും തൊഴിൽ ഉടമകളുമാണ് അതിഥിത്തൊഴിലാളികൾക്ക് കുടുംബസമേതം ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും നൽകിയത്. വോട്ട് ചെയ്ത ശേഷം വേഗം തിരിച്ചുവരണമെന്നു പറഞ്ഞാണയച്ചത്. തിരികെ എത്തുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്നും പറഞ്ഞിരുന്നു. ബിജെപി വന്നതോടെ ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളൊന്നും കിട്ടാതാകുമോയെന്ന ആശങ്കയിലാണ് തൃണമൂല്‍ അനുഭാവികളില്‍ ഏറെപ്പേരും.