ബംഗാള്‍ ആദ്യമായി ബിജെപിയുടെ കയ്യിലെത്തിയിരിക്കുകയാണ്. ആ ചരിത്രവിജയത്തെ മുന്നില്‍ നിന്ന് നയിച്ചതാകട്ടെ സുവേന്ദു അധികാരിയും. സിറ്റിങ് സീറ്റായ നന്ദിഗ്രാമിലും മമത ബാനര്‍ജിക്കെതിരെ ഭബാനിപൂരിലുമാണ് സുവേന്ദു അധികാരിയുടെ ജയം. ബംഗാളിലെ വിജയത്തിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം 2027 ലെ ഉത്തർപ്രദേശില്‍ ഭരണത്തുടര്‍ച്ചയാണെന്ന്  വ്യക്തമാക്കിയിരിക്കുകയാണ് സുവേന്ദു അധികാരി. ‘മമത ബാനർജി, തേജസ്വി യാദവ്, രാഹുൽ ഗാന്ധി എന്നിവരെ തകര്‍ത്തു, അടുത്തത് അഖിലേഷ് യാദവ് ആണ്’ എന്നാണ് സുവേന്ദു അധികാരി വിജയത്തിന് പിന്നാലെ പ്രതികരിച്ചത്. 

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം. മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ വനവാസം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ ആം ആദ്മി പാർട്ടിയോട് ഉപമിച്ച അദ്ദേഹം പാർട്ടിയെ അഴിമതി നിറഞ്ഞതും, കുടുംബാധിഷ്ഠിതവും, പ്രത്യയശാസ്ത്രവുമില്ലാത്തതുമാണെന്നും വിമര്‍ശിച്ചു. ഒട്ടേറെ ടിഎംസി എംപിമാരും പ്രവർത്തകരും തങ്ങളോടൊപ്പം ചേരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘നന്ദിഗ്രാമിലെ ഹിന്ദുക്കളാണ് എന്നെ വീണ്ടും വിജയിപ്പിച്ചത്. അവിടെ, മുഴുവൻ മുസ്‌ലീം വോട്ടുകളും ടിഎംസിക്ക് ലഭിച്ചു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥർ എനിക്ക് വോട്ട് ചെയ്തു. ഇത് ഹിന്ദുത്വ ബംഗാളിന്‍റെയും പ്രധാനമന്ത്രി മോദിയുടെയും വിജയമാണ്’ അദ്ദേഹം പറഞ്ഞു. ഒട്ടേറെ സിപിഎമ്മുകാർ തനിക്ക് വോട്ട് ചെയ്തതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. 

അഞ്ച് വർഷം മുമ്പ് 2021 ലെ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ 15,105 വോട്ടുകൾക്ക് പരാജയപ്പെടുത്തിയുരുന്നു. ഇതിന്‍റെ ആവര്‍ത്തനമായിരുന്നു ഭബാനിപൂരില്‍ ഇത്തവണ കണ്ടത്. സുവേന്ദു അധികാരിയോട് 15105 വോട്ടുകൾക്കാണ് മമത തോറ്റത്. ഒരുകാലത്ത് മമത ബാനർജിയുടെ അടുത്തയാളും ടിഎംസിയുടെ ഉയർച്ചയുടെ പ്രധാന ശിൽപ്പിയുമായിരുന്നു സുവേന്ദു അധികാരി എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ബംഗാളില്‍ ബിജെപ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരും സുവേന്ദു അധികാരിയാണ്. 

വരുമോ വീണ്ടുമൊരു വനിതാ മുഖ്യമന്ത്രി?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സ്ത്രീ സുരക്ഷ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായി ഉയര്‍ത്തിയതിനാല്‍ ഒരു വനിത മുഖ്യമന്ത്രിയെ ബി.ജെ.പി നിയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ അഗ്നിമിത്ര പോളും രൂപ ഗാംഗുലിയും ആണ് മുന്നിലുള്ളത്. മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിക്കാറുള്ള അഗ്നിമിത്ര പോള്‍ അസന്‍സോളില്‍ നിന്ന് ഇത്തവണയും മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാഭാരതം പരമ്പരയില്‍ ദ്രൗപതിയുടെ വേഷത്തില്‍ തിളങ്ങിയ രൂപ ഗാംഗുലിക്കു താഴെ തട്ടിലുള്ളവരുടെ പിന്തുണയുണ്ട്. രാജ്യസഭ എം.പിയുമായിരുന്നു. 

പുരുഷ മുഖ്യമന്ത്രി തന്നെയാണ് വരുന്നതെങ്കില്‍ സുവേന്ദു അധികാരിക്ക് പുറമെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ദിലീപ് ഘോഷ്, നിലവിലെ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ എന്നിവരെയും പരിഗണിച്ചേക്കാം. 

അതേസമയം, ഡബിള്‍ സെഞ്ചറിയുമായാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. 206 സീറ്റുകളുടെ വന്‍ഭൂരിപക്ഷമാണ് ബിജെപി നേടിയത്. ടിഎംസിക്ക് 80 ഉം കോണ്‍ഗ്രസിനും എജെയുപിക്കും രണ്ട് വീതവും, സിപിഐ, എഐഎസ്എഫ് എന്നിവയ്ക്ക് ഓരോ സീറ്റ് വീതവും ലഭിച്ചിട്ടുണ്ട്. 148 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്,

ENGLISH SUMMARY:

Following the BJP's landmark victory in West Bengal with 206 seats, Suvendu Adhikari has declared the end of Mamata Banerjee's political era and set his sights on the 2027 Uttar Pradesh elections. Adhikari secured a "double victory" by defeating Mamata Banerjee in both Nandigram and her home turf of Bhabanipur, ironically by the same margin of 15,105 votes seen in 2021. Attributing the win to "Hindutva Bengal" and PM Modi’s leadership, Adhikari emphasized that the mandate was a rejection of the TMC’s alleged corruption and dynastic politics. While Adhikari is a top contender for the Chief Minister's post, the BJP is also reportedly considering a female leader—such as Agnimitra Paul or Roopa Ganguly—to align with its campaign focus on women's safety. Other senior leaders like Dilip Ghosh and Samik Bhattacharya are also in the fray as the party prepares to form its first-ever government in the state after ending 15 years of TMC rule.