2021 ല്‍ തുടച്ചുനീക്കപ്പെട്ട ബംഗാള്‍ നിയമസഭയിലേക്ക് സിപിഎമ്മിന്‍റെ തിരിച്ചുവരവായിരുന്നു മുര്‍ഷിദാബാദ് ജില്ലയിലെ ഡോംകലില്‍ നിന്നുള്ള വിജയം. റാണ എന്ന് വിളിപ്പേരുള്ള മുസ്താഫിസുർ റഹ്മാന്‍ 16296 വോട്ടിനാണ് മണ്ഡലം പിടിച്ചത്.  തോല്‍പ്പിച്ചത്  തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ഹുമയൂൺ കബീറിനെ. ബംഗാളില്‍ മാത്രമല്ല, കേരളത്തിലും നടത്തിയ പ്രചാരണങ്ങളാണ് റഹ്മാന്‍റെ വിജയത്തിന് പിന്നില്‍. 

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ റഹ്മാന്‍ അതിഥി തൊളിലാളികളടെ ക്ഷേമത്തിനു വേണ്ടി ഇടപെടുന്ന ജനകീയ നേതാവാണ്. റഹ്മാന്‍റെ ഇടപെടലിനെ തുടര്‍ന്ന്  തിരഞ്ഞെടുപ്പിന് മുന്‍പ് 400 ല്‍ പരം അതിഥി തൊഴിലാളി കുടുംബങ്ങള്‍ തൃണമൂൽ വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. തൃണമൂലിന്‍റെ വാർഡ് തിരഞ്ഞെടുപ്പു ഓഫിസ് സിപിഎം തിരഞ്ഞെടുപ്പ് ഓഫിസായും മാറി. 

മണ്ഡലത്തിലെ നിര്‍ണായക ശക്തിയാണ് കുടിയേറ്റ തൊഴിലാളികള്‍. ഇതില്‍ പകുതിയിലധികവും കേരളത്തില്‍. ഇവരെ ലക്ഷ്യമിട്ട് നാലു മാസം മുന്‍പ് മുസ്താഫിസുർ റഹ്മാന്‍ പെരുമ്പാവൂരിലെത്തി പ്രചാരണം നടത്തി. സിപിഎം പ്രാദേശിക നേതാക്കളുടെ സഹകരണത്തോെടായായിരുന്നു കണ്‍വെന്‍ഷന്‍. അങ്ങനെ ഇതില്‍ ഭൂരിഭാഗം പേരെയും വോട്ട് ചെയ്യാൻ കേരളത്തിൽനിന്നും നാട്ടിലെത്തിക്കാന്‍ സിപിഎമ്മിനായി. റാണയുടെ ജനപ്രീതിക്കു പുറമേ എതിർ സ്ഥാനാർഥി ഹുമയൂൺ കബീർ മറ്റു ജില്ലയിൽ നിന്നായത് സിപിഎമ്മിന് അനുകൂലഘടകമായി.

മുസ്താഫിസുർ റഹ്മാന്‍ പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍.

മുര്‍ഷിദാബാദ് മേഖലയിലെ പ്രധാന വിഷയമാണ് അതിഥി തൊഴിലാളികള്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ബംഗാളികളില്‍ കൂടുതലും ഈ മേഖലയില്‍ നിന്നാണ്. ഡോംകലില്‍ നിന്നുള്ള വോട്ടര്‍മാര്‍ കേരളത്തിലും ദക്ഷിണേന്ത്യയിലുമാണ് കൂടുതല്‍. ഉത്തരേന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി വിരുദ്ധത കാരണം പലരും നാട്ടില്‍ തിരികെയെത്തിയെന്ന് റഹ്മാന്‍ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

1967 ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 14 തിരഞ്ഞെടുപ്പില്‍ 11 തവണയും സിപിഎം ജയിച്ച മണ്ഡലമാണ് ഡോംകല്‍. 1977 മുതല്‍ 2016 വരെ സിപിഎം ജയിച്ചു. 1969 ലും 1972 ലും കോണ്‍ഗ്രസും ജയിച്ചു. 2021 ലും ഡോംകലില്‍ റഹ്മാന്‍ മത്സരിച്ചിരുന്നു. അന്ന് 47,229 വോട്ടിനായിരുന്നു പരാജയം.

ENGLISH SUMMARY:

Mustafizur Rahman, popularly known as Rana, marked the CPM's return to the West Bengal Legislative Assembly by winning the Domkal seat with a margin of 16,296 votes. He defeated TMC candidate and retired IPS officer Humayun Kabir by leveraging his strong connection with the migrant worker community, many of whom reside in Kerala. Rahman’s strategic campaign in places like Perumbavoor successfully mobilized these workers to return home and cast their votes. This victory reclaimed a traditional CPM stronghold that had been lost in the 2021 sweep, highlighting the influence of the "Kerala factor" in Bengal politics.