Image Credit:instagram.com/georginagio
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. എട്ടുവര്‍ഷം നീണ്ട ഡേറ്റിങിനൊടുവിലാണ് വിവാഹനിശ്ചയം. സമൂഹമാധ്യമത്തിലൂടെയാണ് വിരലില്‍ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് 'യെസ് ഐ ഡു, ഈ ജീവിതത്തിലും ഇനിയുള്ളതിലും' എന്ന് ജോര്‍ജിന കുറിച്ചത്.
അതേസമയം, വിവാഹനിശ്ചയത്തെ കുറിച്ച് റൊണാള്‍ഡോ സ്ഥീരികരണമൊന്നും നടത്തിയിട്ടില്ല. 'ഏറ്റവും ഉചിതമായ നിമിഷത്തിലാകും വിവാഹമുണ്ടാവുക. ഞാനും ജോര്‍ജിനയും വിവാഹിതരാകുമെന്നതില്‍ എനിക്ക് 1000 ശതമാനം ഉറപ്പാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളിലോ, ആറുമാസത്തിനുള്ളിലോ, ഒരു മാസത്തിനുള്ളിലോ...എപ്പോള്‍ വേണമെങ്കിലും സംഭവിക്കാ'മെന്നായിരുന്നു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ മനസ് തുറന്നത്. റൊണാള്‍ഡോ പറഞ്ഞ ആ നിമിഷം ആയെന്നാണ് ജോര്‍ജിനയുടെ പോസ്റ്റിന് ചുവടെ ആരാധകര്‍ കുറിക്കുന്നത്.
2016 ല്‍ മാഡ്രിഡിലെ ഗൂചി സ്റ്റോറില്‍ വച്ചാണ് റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയത്. 2017 ല്‍ സൂറിച്ചില്‍ നടന്ന ഫിഫ ഫുട്ബോള്‍ അവാര്‍ഡിനിടെ ഇരുവരും പ്രണയം പരസ്യമാക്കി. സ്പാനിഷ് മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ജോര്‍ജിന പിന്നീടിങ്ങോട്ട് എല്ലായ്പ്പോഴും റൊണാള്‍ഡോയ്ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. രണ്ട് പെണ്‍മക്കളാണ് റൊണാള്‍ഡോയുമായുള്ള ബന്ധത്തില്‍ ജോര്‍ിജിനയ്ക്കുള്ളത്. റൊണാള്‍ഡോയുടെ മൂന്ന് മക്കള്‍ക്കൊപ്പമാണ് ഇവരും വളരുന്നത്.