മൂത്തമകൾ അഹാന കൃഷ്ണ വിവാഹത്തിന് തയ്യാറെടുക്കുന്നതായി നടന്‍ കൃഷ്ണകുമാര്‍. കല്യാണത്തിന് തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം അഹാന മെസേജ് അയച്ചതായാണ് കൃഷണകുമാര്‍ പറഞ്ഞത്. ആണ്‍സുഹൃത്ത് നിമിഷ് രവിയെ പറ്റിയും കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്. മൂന്നാമത്തെ മകൾ ഇഷാനി തന്റെ സുഹൃത്തായ അർജുനുമായി വിവാഹിതയാകാൻ പോകുന്നു എന്ന സൂചനയും അദ്ദേഹം നൽകി.
അഹാന കഴിഞ്ഞ ദിവസം താൻ വിവാഹിതയാകാൻ തയാറെടുക്കുന്നു എന്നൊരു മെസ്സേജ് അയച്ചിരുന്നു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. അഹാന വിവാഹ കാര്യം പറഞ്ഞപ്പോള്‍ ഞാൻ അവളോട് പറഞ്ഞത് ഒരേയൊരു കാര്യമാണ്. വിവാഹ ചെലവിനെ പറ്റിയായിരുന്നു അത്. ദിയയുടെ വിവാഹം സ്വന്തം ചെലവിലാണ് നടന്നതെന്ന് ഞാൻ അവളെ ഓർമിപ്പിച്ചു. ദിയയുടെ കല്യാണ സമയത്ത് ചെലവെല്ലാം ഞങ്ങൾ തന്നെ നോക്കിക്കോളാം എന്ന് അവർ പറഞ്ഞപ്പോഴാണ് തനിക്ക് ഏറ്റവും സന്തോഷം തോന്നിയതെന്നും കൃഷ്ണകുമാര്‍ വെറൈറ്റി മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മക്കളുടെ വിവാഹത്തിന്റെ കാര്യത്തിൽ എനിക്ക് വലിയ നിർബന്ധങ്ങളൊന്നുമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കല്യാണം എന്നത് വളരെ നാച്ചുറലായ കാര്യമാണ്. ആർക്ക് എപ്പോൾ വേണമെന്ന് തോന്നുന്നുവോ അവർക്ക് അത് ചെയ്യാം. വീടിന്റെ ചരിത്രം നോക്കിയാൽ തന്‍റെ അച്ഛനായിരുന്നു വീട്ടിലെ ഏറ്റവും മൂത്ത ആളെന്നും പക്ഷേ ഏറ്റവും അവസാനം കല്യാണം കഴിച്ചത് അച്ഛനാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
വിവാഹക്കാര്യം വീട്ടിൽ വന്ന് ഔദ്യോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യം മക്കൾക്കില്ലെന്നും അവർ വിവാഹം കഴിക്കാൻ പോകുന്നവരൊക്കെ നേരത്തെ വീട്ടിൽ വരുന്നവരും പരിചയമുള്ളവരുമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എന്റെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. അന്ന് ഞാൻ സിന്ധുവിനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു എന്നും കൃഷ്ണകുമാര്‍ പറയുന്നു.
അശ്വിനും നിമിഷും അർജുനെമെല്ലാം വളരെക്കാലമായി അറിയാവുന്ന കുട്ടികളാണെന്നും വിവാഹം കഴിക്കാൻ പോകുന്ന പയ്യനെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യമായി ആളെ വിടുകയോ മറ്റുള്ളവരോട് ചോദിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നിമിഷിന്‍റെ അച്ഛന്‍ രവിയുമായി 30-33 വര്‍ഷത്തെ ബന്ധമുണ്ടെന്നും പഴയൊരു നിർമ്മാതാവായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. ''അഹാനയും നിമിഷുമൊക്കെ പണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്ന കാലത്താണ് അവനെ ആദ്യമായി പരിചയപ്പെടുന്നത്. അവർ കുറെ സുഹൃത്തുക്കൾ ചേർന്നാണ് അന്ന് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ആ സൗഹൃദത്തിന് ശേഷം നിമിഷിന്റെ കരിയറിൽ വലിയ വളർച്ചയാണുണ്ടായത്. അവന്റെ അച്ഛന് സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. സിനിമയിൽ പണം നിക്ഷേപിക്കുകയും അത് നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണദ്ദേഹം'' കൃഷ്ണകുമാര്‍ പറയുന്നു.