കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് ഫുട്ബോൾ എ ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രൈയ്സ് മിരാന്റെയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ശ്രീനിധി ഡെക്കാൻ എഫ്സിയുടെ അരിജിത്ത് ബഗുയി..ചിത്രം അബു ഹാഷിം (File Photo)

ഐ.എസ്.എല്‍ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ സൂപ്പർ കപ്പ് ഫുട്ബോളുമായി മുന്നോട്ടുപോകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഡൽഹിയിൽ ഐ.എസ്.എൽ ക്ലബ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

അടുത്തമാസം അവസാനം ടൂർണമെൻ്റ് തുടങ്ങാനാണ് ധാരണ. ഐ.എസ്.എൽ ക്ലബ്ബുകളുടെ ഭാവി തന്നെ അവതാളത്തിലാകുന്ന സാഹചര്യത്തിലാണ് ഫുട്ബോൾ ഫെഡറേഷൻ യോഗം വിളിച്ചത്. സെപ്റ്റംബർ – ഡിസംബർ വിൻഡോയിൽ സൂപ്പർകപ്പ് സംഘടിപ്പിക്കാനാണ് തീരുമാനം. ടീമുകൾക്ക് തയ്യാറെടുപ്പിനായി സമയം വേണ്ടതിനാൽ സെപ്റ്റംബർ മൂന്നാം വാരമായിരിക്കും മത്സരങ്ങൾ തുടങ്ങുക. തീയതി വൈകാതെ തീരുമാനിക്കും. 

13 ടീമുകളുടെയും പ്രതിനിധികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. ഐ.എസ്.എൽ പുനരാരംഭിക്കുന്നതിൽ ഉറപ്പുവേണമെന്ന് ക്ലബ്ബുകൾ നിലപാടെടുത്തെങ്കിലും കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന് എ.ഐ.എഫ്.എഫ് പ്രതിനിധികൾ പറഞ്ഞു. താൽക്കാലിക പരിഹാരത്തിനായി നിയമോപദേശം തേടുമെന്ന് പ്രസിഡൻ്റ് കല്യാൺ ചൗബേ ക്ലബ്ബുകളെ അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് ഐ.എസ്.എൽ മുടങ്ങാൻ കാരണം.

ENGLISH SUMMARY:

Super Cup Football is set to proceed despite uncertainty surrounding the ISL restart. The All India Football Federation has decided to move forward with the Super Cup, aiming to start the tournament by the end of next month.