വേദിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമം. ഐഎസ്എൽ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടക്കും. ഭാരിച്ച വാടകയും സ്റ്റേഡിയം നവീകരണം പൂർത്തിയാകാത്തതും കണക്കിലെടുത്ത് ഹോം മാച്ച് കോഴിക്കോട് നടത്താൻ നീക്കം ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ജിസിഡിഎ അയഞ്ഞതോടെ സാമ്പത്തികപ്രതിസന്ധിക്കൊപ്പം, വേദിയിലും പ്രതിസന്ധി നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇനി ആശ്വസിക്കാം.
ഭീമമായ വാടകയിൽ ഇളവുവരുത്തി, മത്സരങ്ങൾക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയം വിട്ടുനൽകാനാണ് ജിസിഡിഎ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ജിസിഡിഎ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രധിനിധികൾ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനം നാളെ നടക്കും. കൊച്ചിയിൽ സ്പോൺസർ പാതിവഴിക്ക് ഇട്ടുപോയ നവീകരണം ജിസിഡിഎ ഉടൻ പൂർത്തിയാക്കും. ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തികൾ ആണ് ഇനി പൂർത്തിയാക്കാൻ ഉള്ളത്. ബ്ലാസ്റ്റേഴ്സ് മെയിന്റൈൻ ചെയ്തിരുന്ന ടർഫിൽ സ്പോൺസർ കാര്യമായി കൈവാക്കാതിരുന്നതും ഗുണകരമായി.
ഹോം മാച്ച് കോഴിക്കോട് നടത്താൻ നീക്കം ഉണ്ടായിരുന്നെങ്കിലും കോഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിലെ പ്രായോഗിക പ്രയാസം പരിഗണിച്ചാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ജിസിഡിഎയെ സമീപിച്ചത്. ബൈക്ക് റേസ് നടത്തിയ സ്റ്റേഡിയം മത്സരത്തിന് യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഈ മാസം 22നു മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്.