TOPICS COVERED

‘ആഫ്രിക്കയുടെ ഹൃദയം’ ജേഴ്സിയില്‍ പതിച്ച് ഇനി ബാര്‍സിലോന ഇറങ്ങും. ഡെമോക്രാട്ടിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുമായി സ്പോണ്‍സര്‍ഷിപ്പ് കരാറിലെത്തിയത്. കോംഗോ ടൂറിസത്തിന്റെ പ്രചരണാര്‍ഥം ഹാര്‍ട്ട് ഓഫ് ആഫ്രിക്ക എന്ന് ബാര്‍സിലോനയുടെ ട്രെയിനിങ്, വാം അപ് ജേഴ്സികളില്‍ ഇനിയുണ്ടാകും. പുരുഷ– വനിതാ ടീമുകളുമായി ഡെമോക്രാട്ടിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ കരാറിലെത്തിയിട്ടുണ്ട്. നാലുവര്‍ഷത്തേക്കാണ് കരാര്‍. ഓരോ വര്‍ഷവും 104 കോടി രൂപവരെ ബാര്‍സിലോനയ്ക്ക് നല്‍കും. ഫ്രഞ്ച് ലീഗിലെ ക്ലബ് എ.എസ്.മൊണാക്കോ, ഇറ്റാലിയന്‍ ക്ലബ് എ.സി.മിലാന്‍ എന്നിവയുമായി ഡെമോക്രാട്ടിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ കരാറിലെത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യത്തിന് സ്പോണ്‍സര്‍ഷിപ്പ് ഡീലുള്ള മൂന്നാമത്തെ യൂറോപ്യന്‍ ടീമാണ് ബാര്‍സിലോന. മൊണാക്കോ, മിലാന്‍ ക്ലബുകളുമായുള്ള കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. 

മധ്യ ആഫ്രിക്കയിലെ കോംഗോ നദിയുടെ തീരത്തുള്ള രാജ്യമാണ്.  ബൽജിയത്തിൽനിന്നാണ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വാതന്ത്ര്യം നേടിയത്. കോംഗോയുടെ ടൂറിസവും വിദേശ നിക്ഷേപവും വളര്‍ത്തുകയാണ് യൂറോപ്യന്‍ ക്ലബുകളുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡെമോക്രാട്ടിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ ടൂറിസം മന്ത്രി ഡിഡിയര്‍ എംപാംപിയ പറയുന്നു. എന്നാല്‍ അയല്‍ക്കാരായ റുവാണ്ടയുമായി പോരടിക്കാന്‍ കൂടിയാണ് ഈ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. 

ആര്‍സനല്‍, ബയണ്‍ മ്യൂണിക്, പാരിസ് സെയിന്റ് ജെര്‍മന്‍ തുടങ്ങിയ വമ്പന്‍മാരുമായി റുവാണ്ട ടൂറിസം കരാറിലെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ ജേഴ്സിലെ സ്ലീവ് സ്പോണ്‍സര്‍മാരാണ് റുവാണ്ട. വിസിറ്റ് റുവാണ്ട എന്ന് ആര്‍സനല്‍ ജേഴ്സിയുടെ കൈകളില്‍ കാണാം. രാജ്യത്തെ വിമതശക്തികളായ M23യെ റുവാണ്ട പിന്തുണയ്ക്കുന്നുവെന്ന് ഏറെക്കാലമായി ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആരോപിക്കുന്നു.  കിഴക്കൻ കോംഗോയിലെ ഏറ്റവും വലിയ രാജ്യമായ ഗോമ,  M23 പിടിച്ചെടുത്തതിന്  പിന്നാലെ രക്തച്ചൊരിച്ചിലിന് നേതൃത്വം നല്‍കുന്ന  റുവാണ്ടയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറണമെന്ന് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആഭ്യന്തര മന്ത്രി തെരേസ കയിക്വാമ്പ വാഗ്നര്‍ യൂറോപ്യന്‍ ക്ലബുകളോട് അഭ്യര്‍ഥിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ ഗോമയിൽ 773 പേരാണ് വിമതസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെയാണ് കരാറില്‍ നിന്ന് പിന്‍മാറാണമെന്ന അഭ്യര്‍ഥന ഉയര്‍ന്നത്. ഏതായാലം അഭ്യര്‍ഥന ഫലംകണ്ടില്ലെങ്കിലും റുവാണ്ടയുടെ പാത പിന്തുടര്‍ന്ന് വമ്പന്‍മാരുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ തന്നെ ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും സ്വന്തമാക്കി 

ENGLISH SUMMARY:

FC Barcelona has signed a four-year, €104 million annual sponsorship deal with the Democratic Republic of Congo (DRC). "Heart of Africa" will appear on training jerseys to promote tourism, mirroring Rwanda's deals with major European clubs amidst a regional conflict.