അയാളെ പൂട്ടാൻ ഇറങ്ങുന്നവരോട് ഒന്നേ പറയാനുള്ളൂ. അയാളുടെ കാലുകൾക്ക് പൂട്ടിടാൻ മാത്രമുള്ള തന്ത്രങ്ങൾ കയ്യിലുണ്ടെങ്കിൽ മാത്രം കളത്തിൽ ഇറങ്ങിയാൽ മതി. അതല്ലെങ്കിൽ ആ 90 മിനിറ്റ് നിങ്ങൾക്ക് നരകമായിരിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ റയൽ മഡ്രിഡിനോട് ചോദിച്ചാൽ മതി. ഹിസ് നെയിം ഈസ് റാഫിഞ്ഞ.
ഇയാളിത് എന്തൊരു മനുഷ്യനാണ്. റയലിന്‍റെ വിജയ സ്വപ്നങ്ങൾക്ക് മേൽ റാഫിഞ്ഞ പെയ്തിറങ്ങിയപ്പോൾ ജിദ്ദയിൽ റയൽ മഡ്രിഡ് ചാരം. അയാൾ എല്ലായിടത്തും ഉണ്ടായിരുന്നു. പന്ത് പിടിച്ചെടുക്കാനും ബ്ലോക്ക് ഇടാനും അറ്റാക്കിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഒക്ടോബറില്‍ ബർണബ്യൂവിൽ റയലിനു മുന്നിൽ ബാര്‍സ മിസ് ചെയ്തത് റാഫിഞ്ഞയെയായിരുന്നു. അവൻ തിരിച്ചെത്തിയപ്പോൾ ആ തിരിച്ചടിക്ക് ബാർസിലോന പകരം വീട്ടി.
മറക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു റാഫിഞ്ഞയ്ക്ക് തുടക്കത്തില്‍ ബാർസയിൽ. സാവിക്ക് കീഴിൽ പലപ്പോഴും സ്ഥാനം ബെഞ്ചിൽ. താരത്തെ വിറ്റ് ഒഴിവാക്കാൻ ക്ലബ്ബ് പലപ്പോഴും ആലോചിച്ചു. അപ്പോൾ ആയിരുന്നു ഹാൻസി ഫ്ളിക്കെന്ന ജർമൻകാരന്‍റെ വരവ്. ക്യാപ്റ്റന്‍റെ ആംബാൻഡ് അവനെ ഏൽപ്പിച്ചു ഫ്ലിക്ക് തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. പിന്നീട് ബാർസ സാക്ഷിയായത് റാഫിഞ്ഞയുടെ ഉയർത്തെഴുന്നേൽപ്പിന്. അവിശ്വസനീയ കുതിപ്പിലായിരുന്നു ബാർസ. റോബർട്ട് ലെവൻഡോവ്സ്കി, ലമീൻ യമാൽ, റാഫിഞ്ഞ ത്രയം ബാർസയിൽ രൂപം കൊണ്ടു. എതിരാളികളുടെ കോട്ടകൊത്തളങ്ങൾ നിലംപൊത്തി. ചിരവൈരികളായ റയൽ മഡ്രിഡിനെ സീസണിലെ മത്സരങ്ങളിൽ എല്ലാം എടുത്തുടുത്തു. ലാലിഗയ്ക്ക് പുറമെ കോപ്പ ഡെൽറേ, സൂപ്പർ കോപ്പ എന്നീ ട്രോഫികളും ഷെൽഫിൽ എത്തി. 34 ഗോളും ഇരുപത്തിയാറ് അസിസ്റ്റുമായി റാഫിഞ്ഞ തകർത്താടി. ലാലിഗയിലെ മികച്ചതാരമായി.
ഈ സീസണിൽ ബാർസയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. തോറ്റത് നാല് മത്സരങ്ങൾ. നാളുകൾക്ക് ശേഷം റയലിനോട് തോറ്റു. പോയന്‍റ് പട്ടികയില്‍ റയലിന് പിന്നിലായി. തോറ്റ നാലിൽ മൂന്നു മത്സരങ്ങളിലും പരിക്കേറ്റ് റാഫിഞ്ഞ പുറത്തായിരുന്നു. എന്നാൽ താരം പരുക്കു മാറി തിരിച്ചു വന്നതോടെ കണ്ടത് ടീമിന്റെ കംബാക്ക്. റാഫിഞ്ഞ ആദ്യ ഇലവനിൽ കളിച്ച 8 മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിട്ടില്ല. താരം ഈ മത്സരങ്ങളിൽ നേടിയത് 8 ഗോളും 3 അസിസ്റ്റും. ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇപ്പോഴിതാ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടവും.
ഹാൻസി ഫ്ലിക്ക് വന്നില്ലായിരുന്നുവെങ്കിൽ താൻ ബാര്‍സിലോന വിടുമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം റാഫിഞ്ഞ പറഞ്ഞത്. നിരാശയുടെയും വേദനയുടെയും ദിവസങ്ങൾ മറന്ന് തൊടുന്നതെല്ലാം പൊന്നാക്കി തന്‍റെ കരിയറിലെ സുവർണ കാലഘട്ടം ഈ ബ്രസീലുകാരൻ ആഘോഷിക്കുകയാണ്. ബാർസയുടെ കിരീട സ്വപ്നങ്ങൾ പൂത്ത് തളിര്‍ക്കട്ടെ.