manchester-united

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് ഫുട്ബോള്‍ ഡോക്യുമെന്ററികള്‍. മല്‍സരത്തിന്റെ ഇടവേളകളിലുള്ള ടീം ടോക്ക് മുതല്‍ പരിശീലന സെഷനുകള്‍ വരെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ഡോക്യുമെന്ററി ഫ്രാഞ്ചൈസിയാണ് ആമസോണിന്റെ ‘ഓള്‍ ഓര്‍ നത്തിങ് ’.  മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ടോട്ടനം ഹോട്സ്പര്‍ ടീമുകളുടെ ഡോക്യുമെന്ററികള്‍ ആമസോണ്‍ എംജിഎം സ്റ്റുഡിയോ നിര്‍മിച്ചിട്ടുണ്ട്.  വരുമാനം ഉയര്‍ത്താന്‍ പലവഴി തേടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്റിന് മുന്നിലേക്കാണ് റെക്കോര്‍ഡ് ഓഫറുമായി ആമസോണ്‍ എത്തുന്നത്.  കഴിഞ്ഞവര്‍ഷമാണ് ആമസോണുമായി യുണൈറ്റഡ് ചര്‍ച്ച തുടങ്ങിയത്.  പത്തുമില്യണ്‍ പൗണ്ടിന്റെ കരാറാണ് ആമസോണ്‍ യുണൈറ്റഡിന് മുന്നില്‍ വച്ചത്. ഏകദേശം 107 കോടിയോളം രൂപ. ഇന്നോളം മറ്റൊരു ടീമിനും നല്‍കാത്ത തുക. എന്നാല്‍ പരിശീലകന്‍ റൂബന്‍ അമോറിം ഡോക്യുമെന്ററിയെ എതിര്‍ത്തു. സര്‍വസമയവും ടീമിനൊപ്പം സഞ്ചരിച്ചാണ് ആമസോണ്‍ സംഘം ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ഇപ്പോഴെ തകര്‍ന്നടിഞ്ഞ് കിടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തെ ഡോക്യുമെന്ററി ചിത്രീകരണം ബാധിക്കുമെന്നാണ് അമോറിമിന്റെ വിശദീകരണം. പരിശീലകന്‍ പറഞ്ഞതിനെ എതിര്‍ക്കാന്‍ ഏതായാലും ടീം മാനേജ്മെന്റ് നിന്നില്ല. രഹസ്യമായി നടത്തിയ കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. 

യുണൈറ്റഡിന്റെ കടം 700 മില്യണ്‍ പൗണ്ടിന് മുകളില്‍ 

ചാംപ്യന്‍സ് ലീഗിനോ യൂറോപ്പ ലീഗിനോ യോഗ്യത നേടാന്‍ ഇക്കുറി യുണൈറ്റഡിനായില്ല. 15–ാം സ്ഥാനത്താണ്  സീസണ്‍ അവസാനിപ്പിച്ചത്. യൂറോപ്പ ലീഗ് ഫൈനലില്‍ ടോട്ടനംഹോട്സ്പറിനോട് തോല്‍ക്കുകയും ചെയ്തു. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് ക്ലബിനുണ്ടാക്കിയത്.  ചെലവ് ചുരുക്കിയില്ലെങ്കില്‍  ക്രിസ്മസ് കാലമാകുമ്പോഴേക്കും ക്ലബ് പാപ്പരാകുമെന്ന് യുണൈറ്റഡിന്റെ  ഉടമകളില്‍ ഒരാളായ സര്‍ ജിം റാറ്റ്ക്ലിഫ് പറഞ്ഞിരുന്നു. അഡിഡാസുമായുള്ള കരാര്‍ പ്രകാരം യൂറോപ്യന്‍ മല്‍സരങ്ങള്‍ക്ക് യോഗ്യതനേടാനായില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ തുക കണ്ടെത്താന്‍ സീസണ്‍ അവസാനിച്ച് ദിവസങ്ങള്‍ക്കകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ഏഷ്യന്‍ പര്യടനം നടത്തിയിരുന്നു. മോശം പ്രകടനം പരസ്യവരുമാനത്തെയും ബാധിച്ചു. ട്രെയിനിങ് കിറ്റിന് ഒരു സ്പോണ്‍സറെ കണ്ടെത്താനായിട്ടില്ല. ടെസോസ്, മാരിയറ്റ് എന്നീ ബ്രാന്‍ഡുകള്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കിയിട്ടില്ല. അപ്പൊളോ ടയേസ് മൂന്നുവര്‍ഷത്തേക്ക് കരാര്‍ നീട്ടിയത് മാത്രമാണ് ആശ്വാസം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയരീതിയിലെങ്കിലും പരിഹാരമാകുമായിരുന്നു ആമസോണുമായുള്ള കരാര്‍.

ടീമിലെ ആഭ്യന്തര കലാപം നാട്ടില്‍ പാട്ടാകും

പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടനെതിരായ മല്‍സരത്തില്‍ ദയനീയ പ്രകടനം പുറത്തെടുത്ത അര്‍ജന്റൈന്‍ താരം അലഹാന്ദ്രോ ഗര്‍ണാച്ചോയോട് ഇനി കളിക്കാന്‍ മറ്റൊരു ടീം അന്വേഷിച്ചോയെന്ന് പറഞ്ഞ് റൂബന്‍ അമോറിം പൊട്ടിത്തെറിച്ചിരുന്നു. മറ്റ് താരങ്ങള്‍ക്ക് മുന്നില്‍വച്ചാണ് അമോറിം ഗര്‍ണാച്ചോയോട് കലഹിച്ചത്. മാര്‍ക്കസ് റാഷ്ഫോഡ്, ജേഡന്‍ സാഞ്ചോ തുടങ്ങി ക്ലബുമായി അത്രനല്ല രസത്തിലല്ലാത്ത താരങ്ങള്‍ ഇപ്പോഴും സ്ക്വാഡിലുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ടാകണം ആമസോണ്‍ റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്തതും അമോറും എതിര്‍ത്തതും 

2016ല്‍ തുടങ്ങി ഡോക്യുമെന്ററി ഫ്രാഞ്ചൈസി

2016ലാണ് ഓള്‍ ഓര്‍ നത്തിങ്ങിന്റെ തുടക്കം. എ സീസണ്‍ വിത്ത് അരിസോണ കാര്‍ഡിനല്‍സ് ആയിരുന്നു ആദ്യ സീസണ്‍. അമേരിക്കന്‍ ഫുട്ബോളില്‍ നിന്ന് തുടങ്ങി  പ്രീമിയര്‍ ലീഗ്, ഐസ് ഹോക്കി, റഗ്ബി ടീമുകളൊക്കെ ഓള്‍ ഓര്‍ നത്തിങ്ങിന്റെ ഭാഗമായിട്ടുണ്ട്. 2018ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആമസോണുമായി കരാറിലെത്തിയ ആദ്യ പ്രീമിയര്‍ ലീഗ് ക്ലബ്.  202ല്‍ ടോട്ടനം ഹോട്സ്പറും 2022ല്‍ ആര്‍സനലും കരാറിലെത്തി.  ബ്രസീല്‍, ജര്‍മനി എന്നീ ടീമുകളുടെയും ഓള്‍ ഓര്‍ നത്തിങ് ഡോക്യുമെന്ററികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വന്‍ സ്വീകാര്യതയാണ് ഡോക്യുമെന്ററികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കിട്ടുന്നത്. 

ENGLISH SUMMARY:

Football documentaries are as beloved by fans as the English Premier League itself. Amazon's acclaimed All or Nothing series gives viewers behind-the-scenes access to team talks, training sessions, and more. Amazon MGM Studios has previously produced documentaries on Manchester City, Arsenal, and Tottenham Hotspur. Now, in an effort to boost revenue, Amazon made a record-breaking offer to Manchester United—£10 million (approximately ₹107 crore)—the highest ever offered to a football club for such a documentary. However, Manchester United's head coach, Rúben Amorim, opposed the idea, arguing that constant filming could negatively impact the team’s already struggling performance. The management respected his concerns and decided to end the secret negotiations with Amazon.