ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി. ഫ്ലുമിനന്‍സിന് ചെല്‍സിയും റയല്‍മാഡ്രിഡിന്ന് പിഎസ്‌ജിയുമാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ മിന്നും ജയത്തോടെയാണ് പിഎസ്‌ജിയും മാഡ്രിഡും സെമിയില്‍ പ്രവേശിച്ചത്. 

അവസാന നിമിഷങ്ങളിലെ ഡോര്‍ട്ട്മുണ്ടിന്‍റെ പ്രത്യാക്രമണം ഫലം കണ്ടില്ല. റയലിനെതിരെ തോല്‍വി വഴങ്ങി ജര്‍മന്‍ ക്ലബ്, ലോകകപ്പിന്‍റെ പടിയിറങ്ങി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്‍റെ ജയം. പത്താം മിനിറ്റില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത് ഗോണ്‍സാലോ ഗാര്‍ഷ്യ. ഫ്രാന്‍ ഗാര്‍ഷ്യയും, കിലിയന്‍ എംബാപെയും സ്കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമാണ് ഡോര്‍ട്ട്മുണ്ട് മാക്സിമിലിയന്‍ ബിയറിലൂടെ തിരിച്ചുവരവിന് ശ്രമിച്ചത്. എന്നാല്‍ എംബാപെയുടെ ഗോള്‍ നേട്ടത്തോട‌െ ആ സാധ്യത അസ്തമിച്ചു.

കരിയറിലെ രണ്ടാം കിരീടമെന്ന ഹാരി കെയ്നിന്‍റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞാണ് പാരിസ് സെന്‍റ് ജര്‍മന്‍റെ സെമി പ്രവേശനം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെ ജയം. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും മികച്ച മുന്നേറ്റങ്ങളുമായി ഫ്രഞ്ച് ക്ലബ് ബയേണിന്‍റെ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ എഴുപത്തിയെട്ടാം മിനിറ്റില്‍ ഡേസിറേ ഡുവേ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. 

മത്സരം അവസാന മിനിറ്റുകളിലേക്ക് അടുക്കവെ പിഎസ്‌ജിയുടെ രണ്ട് താരങ്ങള്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങി. ഇഞ്ചുറി ടൈമിലെ ഡെംബാലയുടെ ഗോള്‍ പ്രഹരം കൂടിയായപ്പോള്‍ ബയണിന്‍റെ പതനം പൂര്‍ത്തിയായി. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന ആദ്യ സെമിയില്‍ ഫ്ലുമിനന്‍സ് ചെല്‍സിയെ നേരിടും. വ്യാഴാഴ്ചയാണ് റയല്‍ പിഎസ്‌ജി സൂപ്പര്‍ പോരാട്ടം.

ENGLISH SUMMARY:

The FIFA Club World Cup semi-final lineup is set: Fluminense will face Chelsea, and Real Madrid will clash with PSG. Real Madrid edged out Borussia Dortmund 3-2 in a thrilling quarter-final, with goals from Gonzalo García, Fran García, and Kylian Mbappé. Despite a late fightback from Dortmund through Maximilian Beier, Madrid held on. PSG defeated Bayern Munich 2-0, crushing Harry Kane’s dream of a second club title. Goals from Désiré Doué and Ousmane Dembélé sealed the win, despite two PSG players being sent off in the final minutes. The first semi-final (Fluminense vs Chelsea) is on Wednesday morning, followed by the Real Madrid vs PSG showdown on Thursday.