Shubman Gill walks from the field after being bowled during day three of the first cricket Test match between New Zealand and India (Photo by Marty MELVILLE / AFP)
കളിക്കിടെ പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗില്ലിന്‍റെ പ്രതികരണം. ബേസിൻ റിസർവിലെ വേഗത കുറഞ്ഞ പിച്ചിൽ വിക്കറ്റ് വീഴ്ത്താൻ ബോളർമാർ ഏറെ പ്രയാസപ്പെട്ടിരുന്നു.
‘പന്ത് മിനുക്കാന്‍ കഴിയാത്തത്, ഇതുപോലുള്ള പിച്ചുകളിൽ ബൗളർമാരുടെ ജോലി വളരെ ബുദ്ധിമുട്ടാക്കുന്നു. അതിനാല്‍ ടീമുകൾക്ക് പന്തില്‍ ഉമിനീര് ഉപയോഗിക്കാൻ അനുവാദം നൽകണം. 25-30 ഓവറുകൾ കഴിയുമ്പോഴേക്കും പന്ത് മൃദുവാകുകയോ അതിന്‍റെ ആകൃതിയില്‍ വ്യത്യാസമുണ്ടാകുകയോ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും ഇതേ സാഹചര്യമുണ്ടായിട്ടുണ്ട്. പന്തുകളുടെ ഗുണനിലവാരം കുറഞ്ഞതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നറിയില്ല. ഈ സാഹചര്യത്തിൽ സലൈവ പുരട്ടാന്‍ കഴിയാത്തതും വലിയ വെല്ലുവിളിയാണ്’– ഗില്‍ പറഞ്ഞു.
2020 ല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നതിന് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് കാലം കഴിഞ്ഞെങ്കിലും ഈ വിലക്ക് തുടര്‍ന്ന് പോന്നു. നിലവില്‍ പന്ത് മിനുക്കാൻ വിയർപ്പ് ഉപയോഗിക്കാനാണ് താരങ്ങൾക്ക് അനുമതിയുള്ളത്. കോവിഡ് കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ വിലക്ക് തുടരുന്നതിന്റെ കാരണം മനസിലാക്കുന്നില്ലെന്നും ഗില്‍ പറഞ്ഞു.
സംഭവത്തില്‍ ഗില്ലിനെ പിന്തുണച്ച് പ്രശസ്ത ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും രംഗത്തെത്തിയിട്ടുണ്ട്. ‘പന്തുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഗില്‍ പറഞ്ഞത് ശരിയാണ്. 25-30 ഓവറുകൾക്കുള്ളിൽ പന്ത് മൃദുവാകാൻ പാടില്ല. ഐസിസി ഗൗരവമായി എടുക്കേണ്ട ഒരു വിഷയമാണിത്. വെല്ലിങ്ടണിലെ മല്‍സരത്തില്‍ ബോളർമാർക്ക് ഒന്നും അനുകൂലമായിരുന്നില്ല. ജീവനില്ലാത്ത പിച്ചും മൃദുവായ പന്തും സീം മൂവ്മെന്റിന്റെ അഭാവവും ഇത് ക്രിക്കറ്റിന് ഒട്ടും നല്ലതല്ല’– ഭോഗ്‍ലെ പറഞ്ഞു. ഗില്ലിന്റെ വിലയിരുത്തൽ ശരിയാണെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാഥവും സമ്മതിച്ചിട്ടുണ്ട്.
കളിക്കിടെ പന്തിന്റെ ഒരു വശത്ത് തിളക്കം നിലനിർത്താനും റിവേഴ്സ് സ്വിങ് ലഭിക്കാനും തുപ്പല്‍ പുരട്ടുന്നത് ബോളർമാരെ സഹായിച്ചിരുന്നു. പഴക്കം കൂടുന്നതിനനുസരിച്ച് പന്തിന്റെ സ്വിങ് കുറഞ്ഞ് ബാറ്റർമാർക്ക് അനുകൂല സാഹചര്യമുണ്ടാകുന്നതിനാൽ ഇത് നിർണായകമാണ്.
ചോദിച്ചു വാങ്ങിയ സമനില? വിമര്‍ശനം
വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും കിവീസ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഡാരില്‍ മിച്ചലിന്‍റെ(49*)യും ഗ്ലെന്‍ ഫിലിപ്സി(26*)ന്‍റെയും പോരാട്ടമാണ് ന്യൂസീലന്‍ഡിന് സമനില സമ്മാനിച്ചത്. തോല്‍വി ഒഴിവാക്കാന്‍ 233 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ജയിക്കാന്‍ ശ്രമിക്കാതെ ഇന്ത്യ സമനിലയിലേക്ക് പോയത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
'പിച്ച് അനുകൂലമായിരുന്നെങ്കില്‍ ശ്രമിക്കാമായിരുന്നു. പക്ഷേ പേസര്‍മാര്‍ തളര്‍ന്നിരുന്നു. എല്ലാവരും ചേര്‍ന്ന് ഏകദേശം 50 ഓവറോളം എറിഞ്ഞു. അടുത്ത മത്സരം മൂന്നു ദിവസത്തിനുള്ളിലാണ്. നാളെ യാത്ര ചെയ്യേണ്ടതുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ബോളര്‍മാരെ ഫ്രഷായി നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്. കൂടാതെ 5-10 ഓവറുകള്‍ അധികം ലഭിച്ചതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് കരുതുന്നത്', എന്നാണ് സമനിലയില്‍ ഗില്ലിന്‍റെ വിശദീകരണം. ഈ പിച്ചില്‍ 10 വിക്കറ്റുകൾ വീഴ്ത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ഗിൽ സമ്മതിച്ചു.