ശുഭ്മന്‍ ഗില്ലും ഋഷഭ് പന്തും (ചിത്രം : AFP)
ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റര്‍മാരുടെ കരുത്തില്‍ ലീഡെടുത്ത് ഇന്ത്യ. കെ.എല്‍.രാഹുലിന്റെ സെഞ്ചറിക്കരുത്തിലും പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലും ഇന്ത്യ മികച്ച സ്കോറില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചറി പിന്നിട്ട പന്തും (55*) അന്‍ഷുള്‍ കാംബോജു(0*)മാണ് ക്രീസിലുണ്ടായിരുന്നത്. കിവീസിനെതിരെ 118 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
രണ്ട് റണ്‍സകലെ ശുഭ്മന്‍ ഗില്ലിന് സെഞ്ചറി നഷ്ടമായി. ജേക്കബ് ഡഫിയാണ് ഗില്ലിന്റെ വിക്കറ്റെടുത്തത്. സര്‍വാധിപത്യം പുലര്‍ത്തിയ കെ.എല്‍.രാഹുലാവട്ട, ടെസ്റ്റിലെ തന്റെ പതിമൂന്നാം സെഞ്ചറിയും ന്യൂസീലന്‍ഡിനെതിരായ കന്നി സെഞ്ചറിയും സ്വന്തമാക്കി. എല്ലാ SENA (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീസന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന റെക്കോര്‍ഡും രാഹുല്‍ സ്വന്തം പേരിലാക്കി. രാഹുലിനൊപ്പം ഉറച്ച് നിന്ന ദേവ് ദത്ത് പടിക്കലാണ് ഇന്ത്യന്‍ സ്കോറിങിന് വേഗം കൂട്ടിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ 136 റണ്‍സെടുത്തും ദേവ്ദത്ത് പടിക്കല്‍ 80 ലും പുറത്തായി.
ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സായിരുന്നു ഇന്ത്യ എടുത്തത്. ആദ്യ നാലോവറുകളില്‍ റണ്‍സൊന്നുമെടുക്കാതിരുന്ന ജയ്സ്വാള്‍ പിന്നീട് ആക്രമിച്ച് കളിച്ചു. 14 ഫോറുകളാണ് താരം അടിച്ചത്. ഒടുവില്‍ മാറ്റ് ഹെന്റിയെ കവറിലൂടെ ബൗണ്ടറി കടത്തിയതിന് പിന്നാലെ ജയ്സ്വാള്‍ പുറത്തായി.
ഒന്നാം ഇന്നിങ്സില്‍ ന്യൂസീലന്‍ഡ് 368 റണ്‍സെടുത്തിരുന്നു. ഹെന്റി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന 216 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിന് കരുത്ത് പകര്‍ന്നത്. അടിച്ചു കൂട്ടിയ 175 റണ്‍സ്, നിക്കോള്‍സന്റെ രണ്ടാമത്തെ ഉയര്‍ന്ന ടെസ്റ്റ് സ്കോറുമായി. നേരത്തെ ശ്രീലങ്കയ്ക്കെതിരെ പുറത്താവാതെ താരം ഡബിള്സെഞ്ചറി ഇതേ ഗ്രൗണ്ടില്‍ നേടിയിരുന്നു. ഇന്ത്യയ്ക്കായി ബുംറ നാലു വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി.