യഷ് താക്കൂറിന്‍റെ കന്നി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിരാട് കോലി (ചിത്രം: AP)

  • 'അവരിപ്പോള്‍ കളിക്കുന്നത് സ്വന്തം കരിയര്‍ ഉറപ്പിക്കാനല്ല, ആളുകളെ എന്‍റര്‍ടെയിന്‍ ചെയ്യാനാണ്. ഒരു കളിയില്‍ സ്കോര്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല'

ന്യൂസീലന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങളില്‍ നിരാശപ്പെടുത്തിയിട്ടും വിരാട് കോലിയുടെ ആരാധകര്‍ക്ക് നിരാശ തെല്ലുമില്ലെന്നും സന്തോഷം മാത്രമേയുള്ളൂവെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം  അജയ് ജഡേജ. ആരാധകര്‍ കോലിയെ കാണാനാണ് വരുന്നത്. അദ്ദേഹം ഔട്ടായിക്കഴിഞ്ഞ് ഏതെങ്കിലും മൂലയില്‍ പോയി ഒതുങ്ങി ഇരിക്കുകയായിരുന്നുവെങ്കില്‍ ആരാധകര്‍ നിരാശരായേനെ. ഒന്നോ രണ്ടോ മോശം കളികളല്ല താരങ്ങളുടെ പ്രതിഭയെ അളക്കുന്നതെന്നും രോഹിതിന്‍റെയും കോലിയുടെയും നിറം മങ്ങിയ പ്രകടനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. 'ഫാന്‍സ് കോലിയെ കാണാനാണ് വരുന്നത്. ബാറ്റിങില്‍ അല്ലെങ്കില്‍ ഫീല്‍ഡിങിലും വിരാടിനെ കളം നിറയെ കാണാം. ഫീല്‍ഡിലും അത്രയ്ക്ക് ഊര്‍ജസ്വലനാണ് കോലി. ടീമംഗങ്ങളിലാരെങ്കിലും ക്യാച്ച് വിട്ടുകളയുമ്പോള്‍ ആ മുഖത്തേക്ക് നിങ്ങള്‍ നോക്കൂ, ആ രോഷവും നിരാശയും ക്ലാസിക് ഫയറും  കണ്ണുകളിലും ആക്ഷനിലും കാണാം. അതാണ് വിരാട് കോലി. അതാണ് ന്യൂസീലന്‍ഡിലും കണ്ടത്'- ജഡേജ വിശദീകരിച്ചു. 

നാലാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ കോലി അവസാനത്തെ കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ അഞ്ച് റണ്‍സെടുത്ത് താരം മടങ്ങി. രോഹിത് ശര്‍മയ്ക്കും അവസാന ഏകദിനത്തിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഗോള്‍ഡന്‍ ഡക്കിന് ശേഷം അ‍ഞ്ചാം ഏകദിനത്തില്‍ ഏഴു റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇതോടെ ഇരുവര്‍ക്കുമെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഈ പ്രകടനവുമായി ലോകകപ്പ് ടീമില്‍ എങ്ങനെ ഇടം കിട്ടുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. 

എന്നാല്‍ ചില മോശം ദിവസങ്ങളല്ല ഇരുവരുടെയും കഴിവിനെ നിശ്ചയിക്കുന്നതെന്നായിരുന്നു ജഡേജയുടെ പ്രതികരണം. 'കഴിഞ്ഞ 12–14 വര്‍ഷമായി അവര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് നല്‍കുന്നത്. ഈ പര്യടനത്തില്‍ അവരുടെ കളിയില്‍ ഒരു ആശ്വാസം വന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും. അവരിപ്പോള്‍ കളിക്കുന്നത് സ്വന്തം കരിയര്‍ ഉറപ്പിക്കാനല്ല, ആളുകളെ എന്‍റര്‍ടെയിന്‍ ചെയ്യാനാണ്. അവര്‍ ഒരു കളിയില്‍ സ്കോര്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. നേരത്തെ പുറത്താകുന്നതൊക്കെ കളിയില്‍ സ്വാഭാവികമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടാണല്ലോ അവര്‍ ഇന്നിവിടെ നില്‍ക്കുന്നത്'- അദ്ദേഹം സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അഞ്ചാം ഏകദിനത്തില്‍ 22 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയും 3–1ന് സ്വന്തമാക്കി. ബാറ്റിങില്‍ മുന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 209 ല്‍ ഒതുങ്ങിയിരുന്നു. ബോളര്‍മാരുടെ മികവിലാണ് മല്‍സരം ഇന്ത്യ സ്വന്തം വരുതിയിലാക്കിയത്. 11 വര്‍ഷമായി സ്വന്തം നാട്ടില്‍ ഏകദിന പരമ്പര തോറ്റിട്ടില്ലെന്ന ന്യൂസീലന്‍ഡിന്റെ റെക്കോര്‍ഡും ഇന്ത്യ തകര്‍ത്തു. അര്‍ഷ്ദീപ് സിങിന്‍റെ പ്രകടനമാണ് കളിയുടെ ഗതി തിരിച്ചത്. മൂന്ന് വിക്കറ്റും താരം നേടി. സിറാജും അക്സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ENGLISH SUMMARY:

Former Indian cricketer Ajay Jadeja has defended Virat Kohli and Rohit Sharma despite their disappointing performances in the fourth and fifth ODIs against New Zealand. Jadeja said Kohli's fans remain satisfied because they come to watch the star's energy and presence on the field, not just his batting performances. He stressed that a few poor innings cannot define the abilities of players who have delivered consistently at the highest level for 12–14 years. India won the fifth ODI by 22 runs to clinch the series 3–1, with Arshdeep Singh playing a crucial role by taking three wickets.