ആരാധകന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി. താരത്തിന്‍റെ കടുത്ത ആരാധകനും 'വിനോദ് വിനായക്' എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ പരിചിതനുമായ വിനോദ് ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. ആരാധകന്‍റെ മരണത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ വിനോദിന്‍റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് താരം ദുഃഖം പ്രകടിപ്പിച്ചത്.

കണ്ണൂർ സ്വദേശിയായ വിനോദ് മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. മറ്റ് മമ്മൂട്ടി ആരാധകരും വിനോദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. ‘മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകൻ ഞങ്ങളുടെ പ്രിയ സുഹൃത്ത് വിനോദ് വിനായകൻ ചേട്ടന് ആദരാഞ്ജലികൾ’ എന്നാണ് ഒരാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. മരണത്തിന് മുൻപ് ‘ഉറങ്ങാൻ പോകുമ്പോ... ഒരു പോട്ടം.....’ എന്ന അടിക്കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന പോസ്റ്റും ആരാധകർക്കും സുഹൃത്തുക്കൾക്കും ഇടയിൽ നൊമ്പരമാവുകയാണ്.

‌മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും ഒരുപാടുപേര്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. ‘ഒരിക്കലെങ്കിലും മമ്മൂക്ക പുള്ളിയെ കുറിച്ച് അറിയണമെന്നത് ആളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷെ അത് ഒരിക്കലും ഇങ്ങനെ ആവുമെന്ന് കരുതിയില്ല’ എന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. ‘ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഡൈ ഹാര്‍ഡ് മമ്മൂക്ക ഫാന്‍ ആയിരുന്നു പുള്ളി, വിനോദേട്ടന്‍റെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും, നിങ്ങൾ ഈ പോസ്റ്റ്‌ ഇടുമെന്നു ഒരിക്കലും കരുതിയത് അല്ല... ഈ പോസ്റ്റ്‌ കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി... ആദരാഞ്ജലികൾ...... പ്രിയ സുഹൃത്തേ’ എന്നിങ്ങനെ നീളുന്നു പോസ്റ്റിന് താഴെ അനുശോചനം നേര്‍ന്നുള്ള കമന്‍റുകള്‍. 

ENGLISH SUMMARY:

Malayalam superstar Mammootty has shared a heartfelt condolence message on social media following the sudden demise of his die-hard fan, Vinod Vinayak.