India's Mohammed Siraj bowls a delivery on the first day of the first Test cricket match between India and West Indies at Narendra Modi Stadium in Ahmedabad, India, Thursday, Oct. 2, 2025. (AP Photo/Ajit Solanki)
ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍. സിറാജിന് പുറമെ ജഡേജയെയും പുറത്തിരുത്തി അന്‍ഷുല്‍ കാംബോജിനെയും വാഷിങ്ടണ്‍ സുന്ദറിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനായിരുന്നു കോച്ച് ഗംഭീറിന്റെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും തീരുമാനം. 'സിറാജ് പ്ലേയിങ് ഇലവനിലുണ്ടാവില്ലെന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ കണ്ടിരുന്നു. ടീമിനൊപ്പം നേരത്തെ ചേരാതിരുന്നതാണ് കാരണം. എന്നാലും അഞ്ചാമത്തെ ഏകദിനം കളിപ്പിച്ചപ്പോള്‍ ടെസ്റ്റിനിറക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഇത് തീര്‍ത്തും യാദൃച്ഛികമാണ്. സിറാജ് നിരാശപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അവന് ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല'- ഗവാസ്കര്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു. പ്ലേയിങ് ഇലവനില്‍ നിന്നൊഴിവാക്കേണ്ട ഒരു കാര്യവും സിറാജിന്റെ കാര്യത്തിലുണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത് എന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. 'സിറാജിന്റെ ബോളിങിലെന്താണ് കുഴപ്പം? റിഥം നല്ലതാണ്. നല്ല ഫോമിലാണ്. പക്ഷേ അവസരം നല്‍കാത്തതിന് എന്താണ് കാരണമെന്ന് അറിയില്ല. പകരക്കാരായി എടുത്തവര്‍ കളിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ'- ഗവാസ്കര്‍ നിരാശ മറച്ചുവച്ചില്ല.
അതേസമയം, അന്‍ഷുല്‍ കാംബോജ് നല്ല തീരുമാനമായിരുന്നുവെന്ന് മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ സ്കോട്ട് സ്റ്റൈറിസ് പറയുന്നു. ഏകദിനത്തിലും അന്‍ഷുല്‍ അതിന്റെ സൂചനകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ വിചാരിക്കുന്നതിനുമപ്പുറമാണ് അന്ഷുലിന്റെ വേഗം. കൃത്യതയാണ് പ്ലസ് പോയിന്റഅ അതുകൊണ്ട് തന്നെയാണ് സിറാജിന് പകരം പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. സിറാജ് ടീം ഇന്ത്യയ്ക്ക് വേണ്ടി എന്ത് പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിന് നിരാശ സ്വാഭാവികമാണ്. ഇത് പച്ചപ്പ് കൂടുതലുള്ള പിച്ചാണ്. അതുകൊണ്ട് തന്നെ അന്ഷുലാകും കൂടുതല്‍ നന്നാവുക'– സ്റ്റൈറിസ് വിശദീകരിച്ചു.
15 മില്ലീമീറ്റര്‍ പുല്ലുള്ള പിച്ചില്‍ ബുംറ, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരുന്നു ഇന്ത്യയുടെ ചോയിസ്. സിറാജും ഗുര്‍നൂര്‍ ബ്രാറും ഇല്ലെന്നായിരുന്നു ക്യാപ്റ്റന്റെ പ്രഖ്യാപനം. കടുപ്പമേറിയ തീരുമാനമാണെന്ന മുഖവുരയോടെയാണ് ഗില്‍ പറഞ്ഞത്. അടുത്ത വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ് മല്‍സരം. അന്നും പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കില്‍ 32കാരനായ താരത്തിന്റെ മടങ്ങി വരവ് ദുര്‍ഘടമാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 23 വിക്കറ്റുകളാണ് സിറാജ് നേടിയിരുന്നത്. സിറാജ് ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിന് ജയിച്ചിരുന്നു. ബുംറയുടെ അഭാവത്തിലായിരുന്നു സിറാജ് ടീം ഇന്ത്യയുടെ ബോളിങ് ഏറ്റെടുത്തത്. ഒരു വര്‍ഷം കഴിയുമ്പോള്‍ താരം പ്ലേയിങ് ഇവന് പുറത്താണ്. ഇതിനിടയില്‍ രണ്ട് മാസത്തെ വിശ്രമവും അനുവദിച്ച് കിട്ടി. 'ബോളര്‍മാരുടെ ശരീരം വ്യത്യസ്തമാണ്. ഇത്ര നീണ്ട ബ്രേക്കുകള്‍ എനിക്ക് നല്ലതല്ല. താളം എനിക്കത്രയും പ്രധാനമാണ്. ബന്ധം നഷ്ടമായാല്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ല'-ദുലീപ് ട്രോഫി ഫൈനലിന് പിന്നാലെ സിറാജ് ഒരഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ഫൈനലില്‍ 25 ഓവര്‍ എറിഞ്ഞ താരം 145 റണ്‍സാണ് വിട്ടു കൊടുത്തത്.