ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. കിവീസില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന 17 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിടാനാണ് ഗില്ലും സംഘവും ഇറങ്ങുന്നത്. വെല്ലിങ്ടണിലെ ബേസിൻ റിസർവില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരമുതലാണ് മല്‍സരം.
പന്ത് സ്വിങ് ചെയ്യുകയും ബൗൺസ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇന്ത്യയുടെയും കിവീസിന്‍റെയും ബാറ്റർമാർ എങ്ങനെ പ്രതികരിക്കുന്നു എന്നതാകും രണ്ട് മല്‍സരങ്ങളുടെ പരമ്പരയുടെ ഗതി നിർണയിക്കുക. പേസ് ബോളിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്ന ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ആദ്യ ടെസ്റ്റിൽ നാല് പേസര്‍മാരെ കളിപ്പിക്കുമെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കി. ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസ് നിരയിലെ സാധ്യതകൾ. ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമുണ്ടാകും. പരുക്കിൽ നിന്ന് മോചിതനായി റിഷഭ് പന്ത് തിരിച്ചെത്തിയെങ്കിലും പ്ലെയിങ്ങ് ഇലവനില്‍ ധ്രുവ് ജുറേലിനാകും സാധ്യത.
ന്യൂസിലൻഡ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ ജുറേൽ മികച്ച ഫോമിലാണ്. മടങ്ങിവരവിന് ശേഷം ഋഷഭ് പന്തിന് വേണ്ടത്ര മത്സരപരിചയമില്ലെന്നത് തിരിച്ചടി. ടോം ലാഥത്തിന്‍റെ നേതൃത്വത്തിലാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. രചിൻ രവീന്ദ്ര, ഡെവന്‍ കോൺവേ, ടോം ബ്ലണ്ടൽ എന്നിവർ പരുക്ക് ഭേദമായി തിരിച്ചെത്തും. അതേസമയം, പരിക്കിനെത്തുടർന്ന് വിൽ ഒറൂർക്കിനും ബെൻ സിയേഴ്സിനും മല്‍സരം നഷ്ടമാകും. പേസ് ബോളിങ്ങ് നിരയിലേക്ക് ജേക്കബ് ഡഫിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2009ന് ശേഷം ന്യൂസിലൻഡില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്കായിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.