വെല്ലിങ്ടന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ന്യൂസീലന്‍ഡ് 368 ന് പുറത്ത്. 175 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹെന്‍​റി നിക്കോള്‍സിന്റെയും 118 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സിന്‍റെയും കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 216 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി. 

ന്യൂസീലന്‍ഡ് ബാറ്റിങ് നിരയെ എറിഞ്ഞിട്ട് 70/5 എന്ന നിലയിലേക്ക് എത്തിച്ച ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ വില്ലനായത് നിക്കോള്‍സിന്‍റെയും ഫിലിപ്സിന്‍റെയും കൂട്ടുകെട്ടാണ്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ സെഞ്ചറിയുമായി ഹെൻറി നിക്കോൾസ് (221 പന്തിൽ 113*), അർധസെഞ്ചറിയുമായി ഗ്ലെൻ ഫിലിപ്സ് (181 പന്തിൽ 94*) എന്നിവരായിരുന്നു ക്രീസില്‍. 

അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സുമായി ആദ്യം ദിനം കളി അവസാനിപ്പിച്ച ന്യൂസീലന്‍ഡ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പരിശ്രമിച്ചു. സെഞ്ചറി നേടിയതിനു പിന്നാലെയാണ് ഗ്ലെന്‍ ഫിലിപ്സിനെ പുറത്താക്കാന്‍ ആകാശ് ദീപിനായത്. ലഞ്ചിനു പിരിയുമ്പോള്‍ ഒരു വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാല്‍ ലഞ്ചിനു ശേഷം വെറും 51 റണ്‍സ് വഴങ്ങി ബാക്കിയുള്ള നാലു വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യയ്ക്കായി. 

നഥാന്‍ സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ പുറത്താക്കി. ഹെന്‍​റി നിക്കോള്‍സും ജാമിസണും ചെറിയ കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും തകര്‍പ്പന്‍ പന്തിലൂടെ ആകാശ് ദീപ് ജാമിസണിനെ പുറത്താക്കി. ബുംറയും കംബോജുമാണ് അവസാന വിക്കറ്റുകള്‍ വീഴ്ത്തിയത്. ബുംറ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് മൂന്നു വിക്കറ്റും അന്‍ഷുല്‍ കംബോജ് രണ്ടു വിക്കറ്റും വീഴ്ത്തി. 26 ഓവറില്‍ 100 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്.

ENGLISH SUMMARY:

New Zealand were bowled out for 368 in their first innings of the Wellington Test against India, rescued by a massive 216-run partnership between Henry Nicholls and Glenn Phillips after collapsing to 70 for 5. Henry Nicholls carried his bat with an unbeaten 175, while Glenn Phillips scored a crucial 118 before Akash Deep broke their stand in the morning session. Following lunch, Indian bowlers tightened their grip by conceding just 51 runs to claim the remaining four wickets and wrap up the hosts' innings. Jasprit Bumrah led the Indian bowling attack with four wickets, supported by Akash Deep with three, Anshul Kamboj with two, and Prasidh Krishna with one.