ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ സാക്ഷികൾ മൊഴി നല്‍കാത്തത്തിൽ ദുരൂഹതയെന്ന്, അന്ന് യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്ന അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ ഒത്തുകളി നടന്നു. ജയരാജനെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്താതിരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നും ടി.പി.ഹരീന്ദ്രൻ ആരോപിച്ചു.
പി ജയരാജനെതിരെ രണ്ടു സാക്ഷികളാണുണ്ടായിരുന്നത്. രണ്ടു പേരും കോടതിയില്‍ ഹാജരായില്ല. അവര്‍ രണ്ടു പേരും ലീഗ് പ്രവര്‍ത്തകരാണ്. അവരെ എത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു എനും ഹരീന്ദ്രന്‍ വ്യക്തമാക്കി. കേസന്വേഷണ സമയത്ത് ഗൂഢാലോചന കുറ്റമായ 120ബി ചുമത്താനാണ് ഹരീന്ദ്രന്‍ നിര്‍ദേശിച്ചത്. എന്നാല്‍ 180ബിയാണ് ചുമത്തിയത്. ഇതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. തനിക്ക് നേരത്തെ കിട്ടിയ വിവരപ്രകാരം കേസില്‍ പ്രകാരം കുഞ്ഞാലികുട്ടി ഇടപെട്ടു എന്നും ഹരീന്ദ്രന് വ്യക്തമാക്കി.
മോശമല്ലാത്ത രീതിയില്‍ സിബിഐ അന്വേഷിച്ചു. സാക്ഷികള്‍ കൂറുമായി കഴിഞ്ഞാല്‍ സിബിഐയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഹരീന്ദ്രന്‍ പറഞ്ഞു. കേസില്‍ അപ്പീല്‍ പോയിട്ടും വലിയ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിചാരണ കോടതിയിലാണ് തെളിവ് കൊടുക്കുന്നത്. അത് രേഖപ്പെടുത്തി കഴിഞ്ഞു. തെളിവില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് മേല്‍കോടതിയില്‍ പോയിട്ട് കാര്യമില്ല. അല്ലെങ്കില്‍ പുനരന്വേഷണം വേണമെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
Also Read: തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞില്ല, കത്തിയും നിർണായകമായില്ല; രണ്ടാം പ്രതി ഗണേശനെ വെറുതെവിട്ടു
അരിയിൽ ഷുക്കൂർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 7 പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കും. ഒന്നാം പ്രതി കെ.വി.സുമേഷ് അടകമുള്ളവരെയാണ് എറണാകുളം സബ് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റുക. കേസിൽ ഇന്നലെയാണ് 13 പേർക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്. സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ അടക്കം 18 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ എത്തിക്കുന്നതിൽ അടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയത്.