ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം അബദ്ധമെന്ന് മുന്‍ നായകന് കപില്‍ ദേവ്. 10 വര്‍ഷം കഴിയുമ്പോള്‍ കോലി തന്റെ തെറ്റായ തീരുമാനമോര്‍ത്ത് ഖേദിക്കുമെന്നും ദേഷ്യത്തിന്റെ പുറത്തെടുക്കുന്ന വിരമിക്കല്‍ തീരുമാനം നല്ലതല്ലെന്നും കപില്‍ ദേവ് പറയുന്നു. 25കാരനായ താരത്തോടുപോലും മത്സരിക്കാനുള്ള ഫിറ്റ്നസ് കോലിക്കുണ്ടെന്നും കപില്‍ വ്യക്തമാക്കുന്നു.
Also read: മെസിയുടെ ലിസ്റ്റിലെ വണ്ടർകിഡ്; 16-ാം വയസ്സിൽ ചരിത്രം കുറിച്ച് മാക്സ് ഡോമാന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയുമേറെ സംഭാവനകള്‍ നല്കാന് കഴിയുന്ന താരമായിരുന്നു വിരാട് കോലിയെന്ന് കപില്‍ മിഡ് ഡേയ്ക്കു നല്കിയ അഭിമുഖത്തില്‍ പറയുന്നു. വിരമിക്കാനുള്ള തീരുമാനം കരിയറിലെ തന്നെ ഏറ്റവും മോശം തീരുമാനമായി കോലിക്കുതന്നെ അനുഭവപ്പെടുമെന്നും പത്തുവര്‍ഷം കഴിഞ്ഞാല്‍ അത് തിരിച്ചറിയുമെന്നുമാണ് കപില്‍ അഭിമുഖത്തില്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുള്ള ശാരീരിക ക്ഷമതയും കഴിവും കോലിക്കുണ്ടായിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ മറ്റേതൊരു താരത്തേക്കാളും മികച്ചുനില്‍ക്കുന്ന താരമാണ് കോലിയെന്നും മുന്‍ ക്യാപ്റ്റന്‍ അവകാശപ്പെടുന്നു.
Also read: 'ദീപാവലി നാളില്‍ തോറ്റപ്പോള്‍ പാക്ക് താരങ്ങള്‍ തെറി പറഞ്ഞു, അതിനുള്ള മറുപടി കൊടുത്തു'
ദേഷ്യത്തിനു പുറത്തെടുക്കുന്ന തീരുമാനം അബദ്ധമായി മാറുമെന്നും ഇക്കാര്യത്തില്‍ മൊഹീന്ദര്‍ അമര്‍നാഥിന്റെ മാതൃകയാണ് താരങ്ങള്‍ പിന്തുടരേണ്ടതെന്നും കപില്‍ അഭിപ്രായപ്പെടുന്നു. പലതവണ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടും തിരിച്ചുവന്ന് മികവ് തെളിയിച്ച താരമാണ് അമര്‍നാഥ്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത് പ്രകടനത്തിലൂടെയാണെന്നും അദ്ദേഹം പറയുന്നു. 14 വര്‍ഷം നീണ്ട കരിയറിനു ശേഷം 2025 മേയിലാണ് കോലി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 123 മത്സരങ്ങളില്‍ നിന്നും 30 സെഞ്ചറികളും 31 അര്‍ധസെഞ്ചറികളും ഉള്‍പ്പെടെ 9,230 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. 2025ലെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനത്തിനു ഒരു കാരണമായി വിലയിരുത്തപ്പെട്ടത്.
2024ലെ ട്വന്റി20 ലോകകപ്പിനു പിന്നാലെ ട്വന്റി20 രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും കോലി വിരമിച്ചിരുന്നു. നിലവില്‍ ഏകദിനക്രിക്കറ്റില്‍ ഫോക്കസ് ചെയ്യുന്ന കോലി 2027ലെ ദക്ഷിണാഫ്രിക്ക ലോകകപ്പാണ് ഇനി ലക്ഷ്യം വയ്ക്കുന്നത്. ലോകകപ്പ് മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിലെ കോലിയുടെ സ്ഥാനവും റോളും ചര്‍ച്ചയാകുന്നതിനിടെയാണ് മുന്‍ ക്യാപ്റ്റന്റെ വിമര്‍ശനം കൂടി വാര്‍ത്തയാകുന്നത്.