Image credit:facebook/indiancricket

Image credit:facebook/indiancricket

ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ശേഷം ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം അതിരുവിട്ടതാണെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ പാക്ക് താരങ്ങളോട് കാണിച്ച പെരുമാറ്റത്തിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം യാഷ്‌വീർ ഗൗദ്. ദീപാവലി ദിവസം നടന്ന മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ സമയം പാക്ക് താരങ്ങള്‍ അസഭ്യം പറഞ്ഞെന്നാണ് യാഷ്‍വീര്‍ ഗൗദ് പറയുന്നത്. ഇതിനുള്ള മറുപടിയാണ് ഫൈനലില്‍ കൊടുത്തതെന്നാണ് താരത്തിന്‍റെ ഭാഗം. 

ദീപാവലി ദിവസം മത്സരത്തില്‍ തോറ്റു. അന്ന് വാക്കുതര്‍ക്കങ്ങളും അസഭ്യം പറയലുമുണ്ടായി. ഞങ്ങള്‍ക്ക് ഒന്നും തിരിച്ചുപറയാന്‍ കഴിഞ്ഞിരുന്നില്ല. ഫൈനലിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്താനും ഇന്ത്യയ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കാനും ആഗ്രഹിച്ചിരുന്നതായും യാഷ്‍വീര്‍ ഗൗദ് പറഞ്ഞു. ഫൈനലില്‍ ജയിച്ചതോടെ പാക്കിസ്ഥാനെതിരെ അതേരീതിയില്‍ പ്രതികരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. 

അവരെന്താണോ ചെയ്തത് അതാണ് ഞങ്ങളും ചെയ്തത്. അവര്‍ നിശബ്ദമായിരുന്നെങ്കില്‍ ഞങ്ങളും നിശബ്ദരാകുമായിരുന്നു. ഞങ്ങള്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. തിരിച്ചു കൊടുക്കേണ്ടതുണ്ട്. എല്ലാവരും വികാരാധീനരായിരുന്നു എന്നാണ് താരം സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞത്. 

ഗ്രൂപ്പ് മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ജയിച്ചത്. അർജുൻ രാജ്പുതിന്റെ സെഞ്ചറിയുടെ മികവിൽ ഇന്ത്യ 208 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഹംസ സറൂറിന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം മറികടക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ഫൈനലിൽ അവസാന പന്തില്‍ ഫോറടിച്ച് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

ENGLISH SUMMARY:

Indian cricketer Yashveer Gaud has revealed that the team's aggressive celebrations after winning the Asia Cup final against Pakistan were a response to abusive sledging and arguments during their earlier Diwali group-stage defeat. Gaud explained that the team patiently waited for the final to retaliate in the same manner after being left with no chance to respond earlier. India ultimately clinched a thrilling one-wicket victory on the final ball of the summit clash to lift the trophy. The intense rivalry culminated in dramatic scenes on the field as players let out their pent-up emotions.