Image credit:facebook/indiancricket

Image credit:facebook/indiancricket

  • വമ്പന്‍ ജയം, വെറുപ്പു തോന്നിപ്പിക്കുന്ന ആഘോഷം എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചത്. 'ഹൃദയം നിലച്ചുപോയെന്ന് തോന്നിയ നിമിഷങ്ങള്‍, ഉജ്വല ജയം, പക്ഷേ വൃത്തികെട്ട ആഘോഷം. ഇതല്ല രാജ്യസ്നേഹം' എന്നായിരുന്നു മറ്റൊരു കമന്‍റ്

അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. മോഹില്‍ ഉല്‍വയുടെ ബാറ്റില്‍ നിന്ന് പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു. പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യയുടെ കൗമാരപ്പടയ്ക്ക് അണ്ടര്‍ 19 ഏഷ്യാക്കപ്പ് കിരീടം. ആവേശവും സന്തോഷവുമെല്ലാം വാനോളം. പക്ഷേ കളി ജയിച്ചതിന് പിന്നാലെ കുട്ടിത്താരങ്ങള്‍ നടത്തിയ ആഘോഷം അതിരുവിട്ടത് രൂക്ഷ വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. വിജയം കൈപ്പിടിയിലെന്ന് കണ്ടതും ഫീല്‍ഡിലേക്ക് ഓടിയിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പ്രകോപനപരമായാണ് ആഘോഷം നടത്തിയത്. 

മോഹിത് ഉല്‍വയും ചിഗുരുപതി വെങ്കിട്ടയും പാക് താരങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത് മോശം അംഗവിക്ഷേപങ്ങളും ഹിന്ദിയില്‍ തെറിയും വിളിച്ചു. രംഗം വഷളാകുന്നത് കണ്ട് ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫംഗം ഓടിയെത്തി താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.  മനല്‍ ചൗഹാന്‍ പാക് വിക്കറ്റ് കീപ്പര്‍ക്ക് നേരെയും അശ്ലീല ആംഗ്യം കാട്ടി. മാന്യതയുടെ എല്ലാ അതിരുകളും ഭേദിച്ച ആഘോഷമായിപ്പോയി ഇതെന്നും കളിക്കാരുടെ പെരുമാറ്റത്തില്‍ ബിസിസിഐ ഇടപെടേണ്ടി വരുമെന്നും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പൊരുതി നേടിയ ജയം ആഘോഷിക്കാന്‍ എല്ലാ അവകാശവും ഇന്ത്യന്‍ ടീമിനുണ്ട്. പക്ഷേ അത് എതിരാളിയെ കായികമായോ, അസഭ്യം പറഞ്ഞോ ആകരുതെന്നും ആളുകള്‍ കുറിച്ചു. 

വമ്പന്‍ ജയം, വെറുപ്പു തോന്നിപ്പിക്കുന്ന ആഘോഷം എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചത്. 'ഹൃദയം നിലച്ചുപോയെന്ന് തോന്നിയ നിമിഷങ്ങള്‍, ഉജ്വല ജയം, പക്ഷേ വൃത്തികെട്ട ആഘോഷം. ഇതല്ല രാജ്യസ്നേഹം' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'ലോകം നിങ്ങളെ കാണുകയാണ്.  വിദ്യാഭ്യാസവും മാന്യതയും ബഹുമാനവുമെല്ലാം നിങ്ങളുടെ പെരുമാറ്റത്തിലാണ് വെളിവാകുന്നത്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഇങ്ങനെ നാണംകെടുത്തരുത്' എന്നൊരാളും എക്സില്‍ കുറിച്ചു. 'ഇത് അപകടകരമായ ദേശീയതയാണ്. കളിക്കാന്‍ പോയെങ്കില്‍ കളിക്കുക' എന്നായിരുന്നു വിജയാഘോഷ വിഡിയോയ്ക്ക് ചുവടെ പ്രത്യക്ഷപ്പെട്ട കമന്‍റുകളിലൊന്ന്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഉസ്മാന്‍ ഖാന്‍റെ സെഞ്ചറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ലക്ഷ്യ  റായ് ചന്ദാനിയുടെയും ആര്യവീര്‍ സെവാഗിന്‍റെയും അര്‍ധസെഞ്ചറികളുടെ മികവിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മോഹിത് ഉല്‍വയുടെയും കരുത്തിലും ലക്ഷ്യം കണ്ടു. മോഹിതാണ് മാന്‍ ഓഫ് ദ് മാച്ച്. ആര്യവീര്‍ സെവാഗാണ് മാന്‍ ഓഫ് ദ് ടൂര്‍ണമെന്‍റ്.

42–ാം ഓവറില്‍ എട്ടിന് 252 എന്ന നിലയിലേക്ക് പതിച്ച ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. ഒന്‍പതാം വിക്കറ്റില്‍ മനാല്‍ ചൗഹാനും മോഹിതും ചേര്‍ന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 48–ാം ഓവറിലെ രണ്ടാം പന്തില്‍ മനാല്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും തോല്‍വി മണത്തു. പതിനൊന്നാമനായി എത്തിയ ചിഗുരുപതിയെ കൂട്ടുപിടിച്ച് മോഹിത് വീണ്ടും മുന്നോട്ട്. അവസാന പന്തില്‍ ബൗണ്ടറി നേടിയതോടെ കിരീടം ഇന്ത്യയ്ക്ക്.

ENGLISH SUMMARY:

India defeated Pakistan in a thrilling final to win the Under-19 Asia Cup title, chasing down a target of 338 runs off the final ball. However, the celebrations by some Indian players after the victory sparked widespread criticism on social media for allegedly making obscene gestures and using abusive language towards Pakistani players. Mohit Ulva and Chigurupati Venkata were among those accused of provocative behaviour, while Manal Chouhan also faced criticism for an inappropriate gesture towards the Pakistani wicketkeeper. Despite praising India's remarkable comeback victory, fans urged the BCCI to address the players' conduct and emphasised that sporting success should be celebrated with dignity and respect