india-beats-new-zealand-in-fifth-odi

ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെ ഏകദിന മത്സരത്തിൽ 22 റൺസിന്റെ ആവേശജയം നേടി ഇന്ത്യ. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. നിർണ്ണായക മത്സരത്തിൽ പേസർ അർഷ്ദീപ് സിംഗിന്റെ തകർപ്പൻ ബൗളിംഗ് (3/30) മികവിലാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ജയത്തോടെ സ്വന്തം മണ്ണിൽ ന്യൂസിലൻഡ് തുടർച്ചയായി നേടിയ 11 ഏകദിന പരമ്പര വിജയങ്ങളുടെ അപരാജിത കുതിപ്പിനും ഇന്ത്യ വിരാമമിട്ടു. നേരത്തെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിന് എല്ലാവരും പുറത്തായിയിരുന്നു. 46 റൺസ് വീതം നേടിയ അക്സർ പട്ടേലും ഇഷാൻ കിഷനും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്‌നർ മൂന്ന് വിക്കറ്റും (3/47) ജേക്കബ് ഡഫി മൂന്ന് വിക്കറ്റും (3/60) വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യമായ 210 റൺസ് പിന്തുടർന്നിറങ്ങിയ ആതിഥേയരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 48.1 ഓവറിൽ 187 റൺസിന് ന്യൂസിലൻഡ് പോരാട്ടം അവസാനിച്ചു. 31 റൺസെടുത്ത ഡീൻ ഫോക്സ്ക്രോഫ്റ്റാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.

ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയാർന്ന പ്രകടനമാണ് പരമ്പര വിജയത്തിൽ നിർണ്ണായകമായത്. അർഷ്ദീപ് സിംഗിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് മറ്റ് ബൗളർമാരും മികച്ച പിന്തുണ നൽകിയതോടെ ന്യൂസിലൻഡ് ബാറ്റിംഗ് നിരയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല.

ENGLISH SUMMARY:

India clinched the five-match ODI series 3-1 after securing a thrilling 22-run victory over New Zealand in the final encounter. Batting first after losing the toss, India were bowled out for a modest 209 runs in 42.1 overs, with Axar Patel and Ishan Kishan top-scoring with 46 runs each.