arya-veer

വര്‍ഷങ്ങളോളം ഇന്ത്യന്‍ ബാറ്റിങ് കരുത്തറിയിച്ച ടീം ലൈനപ്പിലെ ആദ്യ  പേര്... പേരുകേട്ട ലോകപേസര്‍മാരുടെ ഉറക്കം കെടുത്തിയ  ബാറ്റര്‍... മൈതാനത്തിറങ്ങുമ്പോള്‍ തന്നെ കാതടപ്പിക്കുമാറ് ആര്‍പ്പുവിളി ഉയര്‍ത്തിയ ഓപ്പണര്‍... ഗാലറികളെ ആവേശക്കൊടുമുടി കയറ്റാന്‍ ആ പേര് വീണ്ടുമെത്തുകയാണ്... 

അച്ഛന്റെ മകന്‍: വീരുവിന്റെ വഴിയേ... പേരിലും പാരമ്പര്യത്തിലും സേവാഗ്!. ക്രീസിലെത്തിയാല്‍ അതേ നിര്‍ഭയത്വം... പേര് ആര്യവീർ സേവാഗ്. അണ്ടര്‍19 ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശവും അനിശ്ചിതത്വവും  നിറച്ച കിരീടപ്പോരാട്ടത്തില്‍ ഇന്ത്യന്‍ വിജയഗാഥയ്ക്ക് അടിത്തറ പാകിയ സൂപ്പര്‍ താരം. ക്രിക്കറ്റ് ലോകത്തിന് സുപരിചിതമായ ഒരു പേരിന്റെ തുടർച്ച. അച്ഛന്റെ നിഴലില്‍ നിന്നല്ല സ്വന്തം പേര് ആര്യവീര്‍ അടയാളപ്പെടുത്തുന്നത്. അണ്ടര്‍19 ഏഷ്യാ കപ്പിന്റെ താരമായതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ചര്‍ച്ചയായി മാറുകയാണ് വീരേന്ദര്‍ സേവാഗിന്റെ മകന്‍.

ഏഷ്യാകപ്പിന്റെ നായകന്‍: അഞ്ച് കളികളില്‍ നിന്നായി  90.25 ബാറ്റിങ് ശരാശരിയില്‍ 361 റണ്‍സ്. ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും. നേപ്പാളിനെതിരായ ആദ്യ മത്സരത്തിൽ പുറത്താകാതെ 70 റൺസ്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 22. യുഎഇക്കെതിരെ  160 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സ്. അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ 51 റൺസ്. ഫൈനലിൽ വീണ്ടും പാകിസ്ഥാനെതിരെ നിർണായകമായ 58 റൺസ്. യുഎഇയ്ക്കെതിരായ 160 റണ്‍സ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായി. 17 ഫോറുകളും ഏഴ് സിക്‌സറുകളും പറത്തിയ ഇന്നിങ്സ്.  ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയതും ആര്യവീർ തന്നെ. ഏഷ്യാ കപ്പില്‍ ഒരു സീസണില്‍  ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ഇന്ത്യയുടെ ഉന്‍മുക്ത് ചന്ദിന്റെ പേരിലെ റെക്കോര്‍ഡ് ആര്യവീറിന് നഷ്ടമായത് വെറും 10 റണ്‍സ് അകലെ.  2026 അണ്ടര്‍19 ഏഷ്യാകപ്പ് തൂക്കിയത് ആര്യവീര്‍ ആണെങ്കില്‍ 2008 ഏഷ്യാകപ്പ് തൂക്കിയത് അച്ഛന്‍ സേവാഗ് ആയിരുന്നു. 5 ഇന്നിങ്സുകളില്‍ നിന്നായി 348 റണ്‍സ്. 69.60 റണ്‍സ് ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും.

ഫൈനലിലെ കരുത്ത് :  പാകിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല 338 റൺസ് വിജയലക്ഷ്യം. അവസാന പന്തുവരെ നീണ്ട ആവേശകരമായ പോരാട്ടം. 338ലേക്കുള്ള കുതിപ്പില്‍ ഇന്ത്യൻ ഇന്നിങ്‌സിന് ശക്തമായ അടിത്തറയിട്ടത് ആര്യവീറായിരുന്നു. നായകൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിക്കൊപ്പം 95 റണ്‍സിന്റെ  മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച ആര്യവീര്‍ 61 പന്തിൽ 58 റൺസ് നേടി. ഇതിനിടെ കൈമുട്ടിന് പരിക്കേറ്റിട്ടും ബാറ്റിങ് തുടർന്നു. അഞ്ചാം ഓവറില്‍ പാക് പേസര്‍ അലി റാസയുടെ പന്ത് കൊണ്ടാണ് പരുക്കേറ്റത്.   മത്സരത്തിന്റെ സമ്മർദവും ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന്റെ വൈകാരികതയും അതിജീവിച്ച് ടീമിന് ആവശ്യമായത് നല്‍കാനായി

അച്ഛന്റെ ബാറ്റിങ് ശൈലി മകനിലും? ക്രിക്കറ്റില്‍ ചില പേരുകൾക്ക് വേറിട്ടൊരു ഇടമുണ്ട്. ബൗളറുടെ കൈയിൽനിന്ന് പന്ത് വരുമ്പോൾ തന്നെ അതിർത്തി കടത്താൻ മടിക്കാത്ത ബാറ്റിങ് ശൈലി. ആക്രമണത്തിന് പ്രാധാന്യം നൽകുന്ന മനോഭാവം. ക്രിക്കറ്റ് നിരീക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സേവാഗിനെ ഓര്‍മിപ്പിക്കുന്ന ആര്യവീറിന്റെ ബാറ്റിങ് ശൈലിയാണ്. ബാക്ക്‌ഫൂട്ടിൽ നിന്നുള്ള പഞ്ച്, കട്ട് ഷോട്ടുകൾ, പന്തിന്റെ വേഗം ഉപയോഗിച്ചുള്ള ആക്രമണം... അച്ഛന്റെ പേരിലെ നിഴലില്‍ നില്‍ക്കുന്നവനെന്ന സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് കളി കയ്യിലുണ്ടെന്ന വായടപ്പിച്ചുള്ള മറുപടി കൂടിയാണ് ഏഷ്യാ കപ്പ് പ്രകടനം. 

വണ്‍ ടൈം വണ്ടറല്ല: ഏഷ്യാകപ്പില്‍ മാത്രം തെളി‍ഞ്ഞതല്ല ആര്യവീര്‍ സേവാഗിന്റെ മികവ്. 2024-ൽ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ ഡൽഹി അണ്ടർ-19 ടീമിനായി  297 റൺസ് നേടിയാണ് ശ്രദ്ധ നേടുന്നത്.  309 പന്തിൽ 51 ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെട്ട ഇന്നിങ്‌സ് . അച്ഛന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന  സ്കോറായ 319 മറികടക്കാൻ 23 റൺസ് മാത്രം ബാക്കിനിൽക്കെയാണ് ആര്യവീർ പുറത്തായത്. പിന്നാലെ ഡൽഹി അണ്ടർ-19 ടീമിലെ സ്ഥിരം സാന്നിധ്യമായി ആര്യവീർ. സ്ഥിരതയും മികവും തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓപ്പണറായി സേവാഗെന്ന പേര് സ്കോര്‍ ബോര്‍ഡില്‍ വീണ്ടും തെളിയുന്ന കാലം വിദൂരമല്ല. 

പന്തുമായി അനുജന്‍: ആര്യവീര്‍ ബാറ്റുകൊണ്ട് ശ്രദ്ധ നേടുമ്പോള്‍ സഹോദരന്‍ വേദാന്ത് സേവാഗ് പന്തുകൊണ്ടാണ് സാന്നിധ്യമറിയിക്കുന്നത്. ഓഫ് സ്പിന്നറാണ്. ബാറ്റിങ് ഓള്‍റൗണ്ടറായ വേദാന്ത് പക്ഷെ ആര്യവീറിനെപ്പോലെ തുടക്കംമുതല്‍ ആക്രമണാത്മക ബാറ്ററല്ല. 2024ലെ വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഡല്‍ഹി അണ്ടര്‍ 16 ടിമിനായി പഞ്ചാബിനെതിരെ നാല് വിക്കറ്റ് പ്രകടനത്തോടെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 24 വിക്കറ്റ്. ഈ വര്‍ഷത്തെ ഡല്‍ഹി പ്രീമിയര്‍ ലീഗ് താരലേലത്തില്‍ സെന്‍ട്രല്‍ ഡല്‍ഹി കിങ്സ് സ്വന്തമാക്കി. 

ENGLISH SUMMARY:

Aryavir Sehwag, son of legendary Indian cricketer Virender Sehwag, has emerged as the star of the Under-19 Asia Cup with a phenomenal tournament campaign. Amassing 361 runs across five innings at an impressive average of 90.25, he guided India to a thrilling victory in the final against Pakistan. Displaying fearless strokeplay reminiscent of his father, Aryavir also overcame an elbow injury during a crucial 58-run knock in the title clash. With his consistent dominance and a record-breaking domestic career, the young prodigy is quickly cementing his own legacy in Indian cricket.