ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയുടെ തിലക് വര്‍മയും (വലത്ത്) നമന്‍ ധിറും
സഞ്ജു സാംസണ്‍ 14, അഭിഷേക് ശര്‍മ 27, വൈഭവ് സൂര്യവംശി 4, ശ്രേയസ് അയ്യര്‍ 7, അക്സര്‍ പട്ടേല്‍ 11. ക്രൈസ്റ്റ് ചര്‍ച്ചയില്‍ ന്യൂസീലാന്‍ഡിനെതിരെ 181 റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണിത്. 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 70 റണ്‍സ് മാത്രം. ശേഷിച്ചത് വാലറ്റക്കാരടക്കം അഞ്ചുപേര്‍ മാത്രം. എന്നാല്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ കിവീസിനെ മറികടന്നു. ഫുള്‍ ക്രെഡിറ്റ് വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കും ഫിനിഷര്‍ നമന്‍ ധിറിനും ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഢിക്കും. അഞ്ചുമല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2–0ന് മുന്നില്‍.
രണ്ടാം മല്‍സരത്തിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ വീണ്ടും ബോളിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറില്‍ ടിം സയ്‍ഫെര്‍ട്ടിനെ പുറത്താക്കി അര്‍ഷ്‍ദീപ് സിങ്ങും മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലിനെ വീഴ്ത്തി ഭുവനേശ്വര്‍ കുമാറും ക്യാപ്റ്റന്‍റെ തീരുമാനം ശരിവച്ചു. ഫിന്‍ അലനും വൈകാതെ വീണു. തുടര്‍ന്നെത്തി ഗ്ലെന്‍ ഫിലിപ്സും ബെവണ്‍ ജേക്കബ്സും ചേര്‍ന്നാണ് കിവീസിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഫിലിപ്സ് 43 പന്തില്‍ എഴുപതും ജേക്കബ്സ് 46 പന്തില്‍ അന്‍പത്തെട്ടും റണ്‍സ് നേടി. നാലാംവിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടും പിറന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസീലാന്‍ഡ് 180/5.
181 റണ്‍സ് ലക്ഷ്യം മുന്‍നിര്‍ത്തി ബാറ്റുചെയ്ത ഇന്ത്യ തുടക്കത്തില്‍ സ്കോര്‍ ചെയ്യാന്‍ നന്നായി വിഷമിച്ചു. കഴിഞ്ഞ മല്‍സരത്തിലെ താരമായ സഞ്ജു സാംസണ്‍ അഞ്ചാം ഓവറില്‍ വീണു. ജേക്കബ് ഡഫിയുടെ സ്ലോബോള്‍ തിരിച്ചറിയാതെ പോയതാണ് സഞ്ജുവിന് വിനയായത്. ഔട്ട്സൈഡ് എഡ്ജെടുത്ത പന്ത് ഉയര്‍ന്നുപൊങ്ങി ഗ്ലെന്‍ ഫിലിപ്സിന്‍റെ കൈകളില്‍! 17 പന്തില്‍ 14 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്‍റെ സംഭാവന. പകരം വൈഭവ് സൂര്യവംശി ഗ്രൗണ്ടില്‍ കാല്‍ വച്ചപ്പോള്‍ സ്റ്റേഡിയം ആരവങ്ങളോടെ വരവേറ്റു. എന്നാല്‍ പതിനഞ്ചുകാരന് സമ്മര്‍ദം അതിജീവിക്കാനായില്ല. നേഥന്‍ സ്മിത്തിന്‍റെ പന്ത് റിങ്ങിലെ ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ പായിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഡാരില്‍ മിച്ചലിന് അനായാസ ക്യാച്ച്! 8 പന്തില്‍ 4 റണ്‍സുമായി വൈഭവ് മടങ്ങി.
മുന്‍നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഊഴമായിരുന്നു അടുത്തത്. ഒന്‍പതാം ഓവറിലെ നാലാംപന്തില്‍ കിവി ക്യാപ്റ്റന്‍ മിച്ച് സാന്‍റ്നര്‍ അഭിഷേകിനെ സ്മിത്തിന്‍റെ കൈകളില്‍ എത്തിച്ചു. 21 പന്ത് നേരിട്ട അഭിഷേക് ഒരു സിക്സും 3 ഫോറുമടക്കം 27 റണ്‍സെടുത്തു. പതിനൊന്നാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അതേ ഓവറില്‍ അക്സര്‍ പട്ടേലും മിച്ചല്‍ സാന്‍റ്നര്‍ക്കുമുന്നില്‍ അടിയറവുപറഞ്ഞതോടെ ഇന്ത്യ തോല്‍വി മണത്തു. ശ്രേയസ് ഏഴ് റണ്‍സും അക്സര്‍ 11 റണ്‍സുമാണെടുത്തത്.
വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ, കഴിഞ്ഞ മല്‍സരത്തില്‍ ഹീറോ നമന്‍ ധിറുമായി ചേര്‍ന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചു. 17 പന്തില്‍ 3 സിക്സും ഒരു ഫോറുമടിച്ച നമന്‍ റണ്‍റേറ്റിന്‍റെ സമ്മര്‍ദം നന്നായി കുറച്ചു. മറുഭാഗത്ത് തിലകും മികച്ച സ്ട്രോക് പ്ലേയ്ക്ക് മുതിര്‍ന്നതോടെ സ്കോര്‍ കുതിച്ചു. ഇന്ത്യന്‍ സ്കോര്‍ 15 ഓവറില്‍ 112 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ നമന്‍ ധിറിനെയും സാന്‍റ്നര്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച്.
31 റണ്‍സെടുത്ത ധിറിന് പകരമെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി അനായാസം താളം കണ്ടെത്തി. ഈസമയം തിലക് വര്‍മ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. 26 പന്തില്‍ ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്. നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 26 റണ്‍സെടുത്തു. 19.5 ഓവറില്‍ ഇന്ത്യ ആറുവിക്കറ്റിന് ലക്ഷ്യം കണ്ടു. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത സാന്‍റ്നറായിരുന്നു കിവീസിന്‍റെയും മല്‍സരത്തിലെയും ഏറ്റവും മികച്ച ബോളര്‍.