സിംബാബ്വെയ്ക്ക് എതിരായ ആദ്യ ട്വന്റി 20യില് ഇന്ത്യന് വനിതകള്ക്ക് വിജയം. സിംബാബ്വെ ഉയര്ത്തിയ 115 റണ്സ് വിജയലക്ഷ്യം 15.4 ഓവറില് ഇന്ത്യ മറികടന്നു. സ്മൃതി മന്ഥനയുടെ ക്യാപ്റ്റന്സിയില് ഇന്ത്യയുടെ ആദ്യ ജയമാണിത്. ആറു വിക്കറ്റുകള് നഷ്ടമായെങ്കിലും ദീപ്തി ശര്മ (49)യുടെയും നിക്കി പ്രസാദി (39)ന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്ന്ന് 82 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
115 റണ്സ് പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില് ഓപ്പണിങ് നിരയെ നഷ്ടമായി. സ്മൃതി മന്ഥന (9), ഷഫാലി വർമ്മ (4), അനുഷ്ക ശർമ്മ (4), ഹർപ്രീത് കൗർ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 19/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയ്ക്ക് നിക്കി– ദീപ്തി കൂട്ടുകെട്ട് രക്ഷയായി. 37 പന്തില് എട്ട് ഫോര് അടക്കമാണ് ദീപ്തിയുടെ 49 റണ്സ്. നികി പ്രസാദ് 35 പന്തില് ആറു ഫോർ സഹിതമാണ് 39 റണ്സെടുത്ത് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. പുറത്താകാതെ 43 റൺസ് എടുത്ത ഷാർനെ മേയേഴ്സും 42 റൺസ് നേടിയ കെലിസ് എൻധ്ലോവുമാണ് സിംബാബ്വെയ്ക്കായി സ്കോര് ചെയ്തത്. ഇന്ത്യക്കായി നന്ദാനി ശർമ്മ രണ്ട് വിക്കറ്റും, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരാണി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.