പുതിയ ക്യാപ്റ്റന് സ്മൃതി മന്ഥനയ്ക്ക് കീഴില് ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം ഇന്ന് ആദ്യ മല്സരത്തിന് ഇറങ്ങും. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലാണ് സ്ഥിരം ക്യാപ്റ്റനായി സ്മൃതിയുടെ അരങ്ങേറ്റം. രാത്രി ഏഴുമണിക്കാണ് ആദ്യ ട്വന്റി 20 മല്സരം. മലയാളി താരം മിന്നുമണിയും ടീമിലുണ്ട്.
റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് രണ്ടുവട്ടം കിരീടത്തിലേയ്ക്ക് നയിച്ച സ്മൃതിക്ക് മുന്നല് ഇനി ചോദ്യമൊന്നേയുള്ളൂ, ആ മികവ് ഇന്ത്യൻ കുപ്പായത്തിലും ആവർത്തിക്കാനാകുമോ? ഉത്തരം തേടിയുള്ള ആദ്യ പരീക്ഷണം സിംബാബ്വെക്കെതിരെയാണ്. ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ തുടങ്ങിയ പരിചയ സമ്പന്നർക്കൊപ്പം നിക്കി പ്രസാദ്, അനുഷ്ക ശർമ, ജിന്റിമണി കലിത, മലയാളി താരം മിന്നു മണി തുടങ്ങിയവരുമുണ്ട്.
റായ്പൂരിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ആദ്യമായാണ് ഇന്ത്യയും സിംബാബ്വെയും ടി 20 പരമ്പരയില് ഏറ്റുമുട്ടുന്നത്. ഐസിസി വനിതാ ചാംപ്യന്ഷിപ്പില് വെസ്റ്റ് ഇൻഡീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്വെ. ടി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നടക്കും. ഈ മത്സരങ്ങൾ ഐസിസി വനിതാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.