ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്നാണ് മെഡല്‍ പോരാട്ടങ്ങള്‍. ഫൈനലില്‍ ഇന്ത്യ–പാക് മത്സരവും വെങ്കലത്തിനായി ശ്രീലങ്ക– ബംഗ്ലദേശ് ടീമുകളും മല്‍സരിക്കും. മല്‍സരങ്ങള്‍ക്ക് മുന്നോടിയായി നാലു ടീമുകള്‍ക്കും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായ മൊഹ്സിന്‍ നഖ്‍വി ആശംസകളറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ക്കു ശേഷം മെഡല്‍ നല്‍കാന്‍ നഖ്‍വി എത്തുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ആകാംക്ഷ.
Also Read: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ-പാക്ക് ഫൈനല്‍; മഴ പെയ്താലും വെറുതെ കിട്ടില്ല സ്വര്‍ണ മെഡല്‍
പാക്കിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‍വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ബിസിസിഐ നിലപാടുണ്ട്. ഏഷ്യാകപ്പ് മല്‍സരവേദിയില്‍ നഖ്‍വിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഗെയിംസ് ചട്ടങ്ങള്‍ പ്രകാരം മെഡല്‍ നല്‍കാന്‍ നഖ്‍വി എത്തിയാല്‍ മാറി നില്‍ക്കാന്‍ ഇന്ത്യയ്ക്കാകില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് ആകാംക്ഷയ്ക്ക് കാരണം.
ഫൈനലില്‍ നഖ്‍വി എത്തില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥിരീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കുകള്‍ കാരണം നഖ്‍വിക്ക് ഫൈനലില്‍ എത്താന്‍ സാധിക്കില്ലെന്നാണ് എസിസി എക്സില്‍ കുറിച്ചത്. ഐസിസി മല്‍സരമല്ലാത്തതിനാല്‍ നഖ്‍വിയെ ഒഴിവക്കാന്‍ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനോ ബിസിസിഐയ്ക്കോ ഒളിംപിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയ്ക്ക് മുന്നില്‍ അഭ്യർത്ഥിക്കാനാകില്ല.
Also Read: 'പാവമുണ്ടെടോ, ഒന്നു ബാറ്റ് ചെയ്യാന്‍ സമ്മതിക്ക്'; കെ.എല്‍.രാഹുലിന്‍റെ കാത്തിരിപ്പ് നീളുന്നു
അതേസമയം, നിഷിനിലെ കൊറോഗി സ്പോര്‍ട്സ് പാര്‍ക്കില്‍ ശ്രീലങ്ക–ബംഗ്ലദേശ് മത്സരം ആരംഭിച്ചിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ചയാണ്. ഇന്ത്യന്‍ സമയം രാവിലെ 10 മണിക്ക് ഇതേവേദിയിലാണ് ഇന്ത്യ–പാക് മത്സരം.