Thiruvananthapuram: India's KL Rahul during the first One Day International (ODI) cricket match between India and West Indies, in Thiruvananthapuram, Sunday, Sept. 27, 2026. (PTI Photo/R Senthilkumar)(PTI09_27_2026_000437B)

Thiruvananthapuram: India's KL Rahul during the first One Day International (ODI) cricket match between India and West Indies, in Thiruvananthapuram, Sunday, Sept. 27, 2026. (PTI Photo/R Senthilkumar)(PTI09_27_2026_000437B)

  • 'നാട്ടിലെ കണ്ടം ക്രിക്കറ്റിലായിരുന്നെങ്കില്‍ എപ്പോഴോ പിണങ്ങിപ്പോയെനെ' എന്നും കെ.എല്‍.രാഹുലിന്‍റെ ടീം സ്പിരിറ്റാണിതെന്നുമെല്ലാം ആളുകള്‍ കമന്‍റിട്ടിട്ടുണ്ട്. അതേസമയം, രാഹുലിന്‍റെ ബാറ്റിങ് പൊസിഷന്‍ മാറ്റണമെന്ന് വാദിക്കുന്നവരുമുണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിലും വിക്കറ്റ് കീപ്പര്‍ മാത്രമാകാനായിരുന്നു കെ.എല്‍.രാഹുലിന്റെ വിധിയെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പരിഭവം. ആദ്യ ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതാണ് ചര്‍ച്ചയ്ക്ക് കാരണം. രാഹുലിന്‍റെ നൂറാം ഏകദിനമായിരുന്നു ഗുവാഹത്തിയിലേതെന്ന പ്രത്യകത കൂടി വിന്‍ഡീസിനെതിരായ രണ്ടാം മല്‍സരത്തിനുണ്ടായിരുന്നു. ആദ്യ ഏകദിനത്തില്‍ ഗില്ലും കോലിയുമാണ് തകര്‍ത്തടിച്ചതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ ഗില്ലും രോഹിതും നിറഞ്ഞാടി. വിന്‍ഡീസ് ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യം ഋതുരാജ് ഗെയ്ക്ക്വാദിനെ കൂട്ടുപിടിച്ച്  ഗില്‍ കീഴടക്കിയപ്പോള്‍ കെ.എല്‍.രാഹുലിന് ഇറങ്ങേണ്ടി വന്നില്ല. 

ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതിരുന്നിട്ടും രാഹുലിന് പരാതിയൊന്നുമില്ലെന്നും പരിശീലനത്തില്‍ കുറവ് വരുത്തുന്നില്ലെന്നും ആരാധകര്‍ പ്രശംസിക്കുന്നു. അഭിനന്ദനീയമാണ് ഈ മനോഭാവമെന്നും ആളുകള്‍ കുറിച്ചു. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ ആരംഭിച്ച ഏകദിന പരമ്പര മുതലിങ്ങോട്ട് ആകെ 31 പന്തുകള്‍ മാത്രമാണ് കെ.എല്‍.രാഹുല്‍ നേരിട്ടിട്ടുള്ളത്. അവസാനത്തെ അഞ്ച് ഏകദിനങ്ങളില്‍ നേരിടാന്‍ കിട്ടിയത് 12 പന്തും. അതേസമയം, അടുത്ത മല്‍സരത്തില്‍ 500 അടിക്ക്, അപ്പോള്‍ കളിക്കാം, ഈ 400 റണ്‍സെടുക്കാന്‍ ഗില്ലും കോലിയും രോഹിതുമെല്ലാം ധാരാളമെന്ന് സരസമായി കമന്‍റുകളിടുന്നവരുമുണ്ട്. 'നാട്ടിലെ കണ്ടം ക്രിക്കറ്റിലായിരുന്നെങ്കില്‍ എപ്പോഴോ പിണങ്ങിപ്പോയെനെ' എന്നും കെ.എല്‍.രാഹുലിന്‍റെ ടീം സ്പിരിറ്റാണിതെന്നുമെല്ലാം ആളുകള്‍ കമന്‍റിട്ടിട്ടുണ്ട്. അതേസമയം, രാഹുലിന്‍റെ ബാറ്റിങ് പൊസിഷന്‍ മാറ്റണമെന്നും നാലാമനായി ഇറക്കണമെന്നും വാദിക്കുന്നവര്‍ ചുരുക്കമല്ല. 

ഇന്ത്യയ്ക്കായി 100 ഏകദിന മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ 38–ാമത്തെ താരമാണ് കെ.എല്‍.രാഹുല്‍. 90 ഇന്നിങ്സുകളില്‍ നിന്നായി 49.44 ശരാശരിയില്‍ 3412 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. എട്ട് സെഞ്ചറികളും 20 അര്‍ധ സെഞ്ചറികളും ചേര്‍ന്നതാണ് ഈ നേട്ടം. പുറത്താകാതെ നേടിയ 112 ആണ് മികച്ച സ്കോര്‍. 3412 റണ്‍സില്‍ 1517 റണ്‍സും അഞ്ചാമനായി ഇറങ്ങി രാഹുല്‍ നേടിയതാണ്. മൂന്ന് സെഞ്ചറികളും 10 അര്‍ധ സെഞ്ചറികളും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലാണ് വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം.