New Delhi 2023 August 21 : Indian cricket team captain Rohit Sharma and BCCI senior men\'s selection committee Chairman Ajit Agarkar during a press conference after the selection committee\'s meeting, in New Delhi. .@ Rahul R Pattom

  • 'രോഹിതിനെയും വിരാടിനെയും നോക്കൂ, ഒരാള്‍ സെഞ്ചറിയടിച്ചാല്‍ മറ്റേയാളും അതേ പാത പിന്തുടരും. ഇരുവരും തമ്മില്‍ ആരോഗ്യകരമായ മല്‍സരമുണ്ടെന്ന് പറഞ്ഞാല്‍ പോലും തെറ്റാവില്ല. നോക്കൂ, മുറിവേറ്റ സിംഹങ്ങളെപ്പോലെയാണ് അവര്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്'

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചറി നേടിയ രോഹിത് ശര്‍മയെ അഭിനന്ദിച്ചും ബിസിസിഐ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍ താരം സദഗോപന്‍ രമേശ്. രോഹിതിന്‍റെ പ്രകടനം കണ്ടിട്ട് അഗാര്‍ക്കര്‍ക്ക് തന്‍റെ തീരുമാനത്തില്‍ ഇപ്പോള്‍ കഠിനമായ ദുഃഖം തോന്നുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. '2027 ലെ ഏകദിന ലോകകപ്പിന് രോഹിത് ശര്‍മ വേണ്ടെന്ന് അഗാര്‍ക്കര്‍ വാശിപിടിച്ചു. ഒറ്റക്കാലില്‍ നില്‍ക്കുകയെന്നൊക്കെ പറയില്ലേ, അത്രയും  വാശി. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കരാര്‍ പുതുക്കാതിരുന്നത്. മറുവശത്ത് രോഹിതാവട്ടെ, പ്രായം വെറും നമ്പരാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മികച്ച ഫിറ്റ്നസിലാണ് താരമെന്ന് ആ കളി കണ്ടാല്‍ വ്യക്തമാണ്. 50 ഓവര്‍ ഫീല്‍ഡ് ചെയ്ത ശേഷമാണ് താരം സെഞ്ചറി തികച്ചത്. ഈ രോഹിതിനെയാണ് ടീമില്‍ നിന്നൊഴിവാക്കാന്‍ അഗാര്‍ക്കര്‍ വാശിപിടിച്ചത്. ദുഃഖമുണ്ടാകും അതില്‍'- രമേശ് തുറന്നടിച്ചു.

ഭാവിയില്‍ അനിശ്ചിതത്വമുള്ളപ്പോഴും രോഹിതും കോലിയും പരസ്പരം നല്‍കുന്ന പ്രോല്‍സാഹനവും യുവതാരങ്ങള്‍ക്ക് നല്‍കുന്ന പ്രചോദനവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 'രോഹിതിനെയും വിരാടിനെയും നോക്കൂ, ഒരാള്‍ സെഞ്ചറിയടിച്ചാല്‍ മറ്റേയാളും അതേ പാത പിന്തുടരും. ഇരുവരും തമ്മില്‍ ആരോഗ്യകരമായ മല്‍സരമുണ്ടെന്ന് പറഞ്ഞാല്‍ പോലും തെറ്റാവില്ല. നോക്കൂ, മുറിവേറ്റ സിംഹങ്ങളെപ്പോലെയാണ് അവര്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഗുവാഹത്തിയിലേത് പോലെയൊരു ഫ്ലാറ്റ് പിച്ചില്‍ രോഹിത് അങ്ങനെ ബാറ്റ് ചെയ്തതില്‍ എനിക്ക് അതിശയമില്ല. വാശി രോഹിതിന്‍റെ ബാറ്റിങില്‍ പ്രകടമായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു വിരമിക്കണമെന്ന് സിലക്ഷന്‍ കമ്മിറ്റി രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടത്. ആദ്യം ഞെട്ടിയെങ്കിലും താരം വഴങ്ങി. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബിസിസിഐ അഭ്യൂഹങ്ങളെ തള്ളി. രോഹിത് ശര്‍മ എത്ര കാലം കളിക്കുന്നോ അത്രയും കാലം ടീം ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ പരസ്യമായി പ്രസ്താവിച്ചു. ലോര്‍ഡ്സില്‍ തകര്‍പ്പന്‍ സെഞ്ചറിയോടെയാണ് താരം സിലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത്. ബിസിസിഐയുടെ പരസ്യപ്രതികരണത്തില്‍ അഗാര്‍ക്കര്‍ അതൃപ്തി അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

അഗാര്‍ക്കറുടെ കാലാവധി ഈ മാസമാദ്യം അവസാനിക്കും. മുന്‍ ഇടങ്കയ്യന്‍ സ്പിന്നറായിരുന്ന പ്രഗ്യാന്‍ ഓജയാണ് ഇടക്കാല ചീഫ് സിലക്ടറായി പ്രവര്‍ത്തിക്കുന്നത്. ഈ നിയമനം ബിസിസിഐ സ്ഥിരപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ് സുന്ദര്‍ ദാസ്, അജയ് രത്ര, ആര്‍പി സിങ്, ഓജ എന്നിവരുമായി ഗുവാഹത്തിയില്‍ വച്ച് ഗംഭീര്‍ സുദീര്‍ഘമായ യോഗം നടത്തിയിരുന്നു. അഗാര്‍ക്കര്‍ യോഗത്തിനെത്തിയിരുന്നതുമില്ല. ന്യൂസീലന്‍ഡിനെതിരായ ഏകദിന– ടെസ്റ്റ് ഷെഡ്യൂളുകളില്‍ തീരുമാനമെടുക്കുന്നതിനായിരുന്നു യോഗമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 27 വരെയാണ് പര്യടനം. 

ENGLISH SUMMARY:

Former India cricketer Sadagopan Ramesh has praised Rohit Sharma for his century against the West Indies while strongly criticising BCCI chief selector Ajit Agarkar over Rohit's future in the 2027 ODI World Cup. Ramesh claimed that Agarkar had been adamant that Rohit should not be part of India's 2027 World Cup plans and suggested that the selector may now regret that stance after Rohit's recent performances. He also praised the mutual encouragement between Rohit and Virat Kohli, describing their current batting as driven by determination despite uncertainty over their futures. The report also discusses earlier claims that selectors had asked Rohit to retire during the England tour, BCCI's subsequent public clarification about his continued place in the team, and recent changes involving the chief selector's position.