ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പ്രണയം രക്തത്തിൽ അലിഞ്ഞതാണെന്ന് തിലക് വര്‍മ. ദുലീപ് ട്രോഫിയില്‍ ദക്ഷണിമേഖലയെ മുന്നില്‍ നിന്ന് നയിച്ച് ഫൈനലില്‍ എത്തിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് തിലക്.
തിലക് വർമയുടെ ചെവിക്ക് പിന്നിൽ ഇങ്ങനെ പച്ചകുത്തിയിട്ടുണ്ട്, 'Dancing Through the Storm'. കൊടുങ്കാറ്റിനിടയിലും ശാന്തമായി തുടരുന്നു തിലക്. ബെംഗളൂരു സെന്‍റര്‍ ഓഫ് എക്സെലന്‍സ് സ്റ്റേഡിയത്തില്‍ ഉത്തരമേഖലയ്ക്കെതിരായ ദുലീപ് ട്രോഫി സെമിഫൈനല്‍ തന്നെ ഉദാഹരണം. ആദ്യ ഇന്നിങ്സില്‍ 116 റണ്‍സ് നേടിയ തിലക് രണ്ടാമിന്നിങ്സില്‍ 51 റണ്‍സെടുത്തു. രണ്ടിലും പുറത്തായില്ല. ട്വന്‍റി20യില്‍ തകര്‍പ്പനടിക്കാനരാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പ്രണയം തന്‍റെ രക്തത്തിലുള്ളതാണെന്ന് തിലക്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 53 ടി20 മത്സരങ്ങളിലും അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും റെഡ്-ബോൾ പരിശീലനം ഒരിക്കലും അവഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടെസ്റ്റ് ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉള്‍പ്പെട്ടതിനാല്‍ സെപ്റ്റംബർ 6 മുതൽ 10 വരെ ചെന്നൈയിൽ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ തിലക് കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹിയില്‍ 13 നാണ് ആദ്യമത്സരം.