ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കായികക്ഷമതാ പരിശോധന. 2027ലെ ഇന്ത്യൻ പ്രീമിയർ ലീഗ് വരെ നീളുന്ന എട്ട് മാസം ദൈർഘ്യമുള്ള ക്രിക്കറ്റ് സീസണിന് മുന്നോടിയായാണ് തയ്യാറെടുപ്പ്.
ശ്രീലങ്കയ്‌ക്കെതിരെ അഞ്ചുദിവസം നീണ്ട ടെസ്റ്റ് മല്‍സരം പൂർത്തിയാക്കി 48 മണിക്കൂറിനുള്ളിൽ ഇന്ത്യന്‍ താരങ്ങൾ ഫിറ്റ്നസ് ടെസ്റ്റിനായി ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ എത്തി. പുതിയ ഹോം സീസണിന് മുന്നോടിയായാണ് താരങ്ങൾക്ക് കായികക്ഷമതാ പരിശോധന നടത്തുന്നത്. നിർബന്ധിത ഫിറ്റ്നസ് ടെസ്റ്റിൽ ബ്രോങ്കോ ടെസ്റ്റ്, 2 കിലോമീറ്റർ ഓട്ടം, യോ-യോ ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. ആകെ 1200 മീറ്റർ ദൂരം അഞ്ച് മിനിറ്റും 30 സെക്കൻഡിനുമുള്ളില്‍ പൂർത്തിയാക്കണമെന്നാണ് മാനദണ്ഡം. ഫാസ്റ്റ് ബോളര്‍മാരായ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും മാത്രമാണ് പരിശോധനയിൽ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് നൽകിയത്. രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഓപ്പണർ യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിങ്കു സിങ്, സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരും പങ്കെടുത്തു.