Image Credit: KeralaCricketLeagueT20 ഫെയ്സ്ബുക്ക് പേജ്
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയിലേഴ്സിന് 3 റണ്‍സ് വിജയം. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടക്കാനെ കഴിഞ്ഞുള്ളൂ. തകർപ്പൻ ബൗളിങ്ങിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ പവൻ രാജാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് ലഭിച്ച് ആദ്യം ബാറ്റുചെയ്ത കൊല്ലം സെയിലേഴ്സ്് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റൺസെടുത്തു. 46 പന്തില്‍ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ വത്സൽ ഗോവിന്ദാണ് കൊല്ലത്തിന്‍റെ ടോപ് സ്കോറര്‍. അഞ്ചോവറില്‍ അമ്പത് കടന്ന കൊല്ലം, 10.1 ഓവറില്‍ 100 ലെത്തി. തുടരെ വിക്കറ്റുകള്‍ വീണതാണ് കൂറ്റൻ സ്കോർ സ്വപ്നം കണ്ട സെയിലേഴ്സിന് തിരിച്ചടിയായത്. വത്സലിനും അഭിഷേകിനും (46) പുറമെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. കൊച്ചിക്ക് വേണ്ടി പി എസ് ജെറിനും കാർത്തിക് ബി നായരും ബേസിൽ തമ്പിയും മുഹമ്മദ് ആഷിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 48 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. സാലി സാംസനും മനുകൃഷ്ണനും ചേർന്നുള്ള നാലാം വിക്കറ്റ് 77 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറില്‍ കൊച്ചിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസാണ്. അവസാന ഓവറിൽ രണ്ട് സിക്സുമായി ആൽഫി ഫ്രാൻസിസ് പ്രതീക്ഷ നൽകിയെങ്കിലും മൂന്നു റണ്‍സിന് കൊച്ചി തോറ്റു. നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പവൻ രാജാണ് സെയിലേഴ്സിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്. എ ജി അമൽ രണ്ട് വിക്കറ്റ് വീഴ്ത്തി.