Colombo: India's captain Shubman Gill and teammates wait near the boundary line as rain interrupts play on day two of the second Test cricket match between India and Sri Lanka, in Colombo, Sri Lanka, Monday, Aug. 24, 2026. (PTI Photo/Shailendra Bhojak)(PTI08_24_2026_000350B) *** Local Caption ***

  • നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും ഫൈനലിലേക്ക് കടക്കുക. ബംഗ്ലദേശിനും പിന്നിലായ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ രണ്ടും ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചും ടെസ്റ്റ് മല്‍സരങ്ങളാണ് ഇനിയുള്ളത്

ശ്രീലങ്കയ്​ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടീം ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാന്‍ സാധ്യത കുറവാണെന്ന് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഏഴ് ടെസ്റ്റ് മല്‍സരങ്ങള്‍ കൂടി ശേഷിക്കുന്ന ഗില്ലിനും സംഘത്തിനും അതില്‍ ആറെണ്ണത്തില്‍ ജയിച്ചാല്‍ മാത്രമേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടനാകൂ. നേരിയ വ്യത്യാസത്തില്‍ ഇന്ത്യ പിന്തള്ളപ്പെടാനാണ് സാധ്യതയെന്നാണ് ദ്രാവിഡിന്‍റെ പ്രവചനം. ലങ്കയ്ക്കെതിരെ പരമ്പര തൂത്തുവാരിയാലും ന്യൂസീലന്‍ഡിനെതിരെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും ദ്രാവിഡ് വിലയിരുത്തുന്നു. 

'ഇന്ത്യ യോഗ്യത നേടണമെന്നാണ് എന്‍റെ ആഗ്രഹം. ഈ കണക്കുകള്‍ വച്ച് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ അത് വലിയ നേട്ടമാകും. പക്ഷേ നേരിയ അംശത്തിന് ഇന്ത്യ പിന്നിലാണെന്നാണ് എന്‍റെ വിലയിരുത്തല്‍. എങ്കിലും എഴുതിത്തള്ളാന്‍ കഴിയുന്ന ടീമല്ല. ശ്രീലങ്കയ്ക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യ നേടിയത്. തുടക്കം നന്നായി'- ദ്രാവിഡ് വ്യക്തമാക്കി.

ന്യൂസീലന്‍ഡിനെതിരെ കാര്യങ്ങള്‍ കടുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരുക്കില്ലാതെ കുറച്ച് മാസം താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് മുന്നറിയിപ്പ് നല്‍കി. 'ന്യൂസീലന്‍ഡ് വലിയ വെല്ലുവിളിയാണ്. കീവീസ് നല്ല ടീമാണ്. സ്വന്തം നാട്ടിലാകുമ്പോള്‍ പ്രത്യേകിച്ചും. ഇന്ത്യന്‍ ടീമിലെ പല പുതുമുഖങ്ങള്‍ക്കും ന്യൂസീലന്‍ഡിലെ പിച്ചുകളില്‍ കളിച്ച് ശീലമില്ല. അതും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. താരങ്ങളെ ഫിറ്റായും പരുക്കുകളില്ലാതെയും വരുന്ന കുറച്ച് മാസങ്ങള്‍ സംരക്ഷിക്കുക ശരിക്കും വെല്ലുവിളിയാകും. കോലിയുടെയും രോഹിതിന്‍റെയും രഹാനെയുടെയും പൂജാരയുടെയുമെല്ലാം അഭാവം പ്രകടമാകുമെന്നതില്‍ തര്‍ക്കമില്ല'- ദ്രാവിഡ് വിശദീകരിച്ചു.

നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും ഫൈനലിലേക്ക് കടക്കുക. ഓസ്ട്രേലിയയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് (80 %), ദക്ഷിണാഫ്രിക്ക (75%) രണ്ടാമതും ന്യൂസീലന്‍ഡ് (56%) മൂന്നാമതും ബംഗ്ലദേശ് (40%) നാലാമതുമാണ്. ബംഗ്ലദേശിനും പിന്നിലായ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ രണ്ടും ഓസ്ട്രേലിയയ്​ക്കെതിരെ  അഞ്ചും ടെസ്റ്റ് മല്‍സരങ്ങളാണ് ഇനിയുള്ളത്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ടെസ്റ്റിന് പുറമെ അഞ്ച് ഏകദിനങ്ങളും ട്വന്‍റി 20 മല്‍സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Former Indian cricket coach Rahul Dravid has predicted that India is unlikely to qualify for the World Test Championship (WTC) final, despite their strong performances against Sri Lanka. Dravid noted that out of the remaining eight Test matches, Gill and his squad must win at least six to secure a spot, leaving India with a narrow margin for error. He highlighted upcoming challenges, including a tough series against New Zealand where the lack of experience on pace-friendly pitches among newcomers could prove detrimental, alongside the noticeable absence of senior veterans like Kohli and Rohit. Currently sitting fifth in the points table behind teams like Bangladesh, India faces a grueling schedule comprising two Tests against New Zealand and five against Australia.