File Image

  • മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയും മൂന്ന് ട്വന്റി 20 മല്‍സരങ്ങളുമാണ് ഇന്ത്യയും ബംഗ്ലദേശുമായി സെപ്റ്റംബര്‍ ആദ്യവാരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കേവലം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പര്യടനത്തിന്റെ തീയതി മാറ്റി വയ്ക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് പര്യടനം തന്നെ ഉപേക്ഷിച്ചേക്കുമെന്ന ആശങ്കകളും ഉയര്‍ത്തുന്നു

അടുത്തമാസം നിശ്ചയിച്ചിരുന്ന ഇന്ത്യ–ബംഗ്ലദേശ് പര്യടനം നീട്ടിവച്ചേക്കുമെന്ന് സൂചന. പര്യടനം സംബന്ധിച്ച് ബിസിസിഐയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇക്ബാല്‍ സ്ഥിരീകരിച്ചു. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയും മൂന്ന് ട്വന്റി 20 മല്‍സരങ്ങളുമാണ് ഇന്ത്യയും ബംഗ്ലദേശുമായി സെപ്റ്റംബര്‍ ആദ്യവാരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കേവലം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പര്യടനത്തിന്റെ തീയതി മാറ്റി വയ്ക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് പര്യടനം തന്നെ ഉപേക്ഷിച്ചേക്കുമെന്ന ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. Also Read: കൊളംബോയില്‍ കുല്‍ദീപ് പുറത്ത്? പകരം അരങ്ങേറ്റക്കാരന്‍! റിപ്പോര്‍ട്ട്

ധാക്കയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ബോര്‍ഡുമായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീയതി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാമെന്നും തമീം പറഞ്ഞത്. ഇതിന് പിന്നാലെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ദ് ഗെയിം ഡവലപ്മെന്റ് ട്രോഫിയുടെ ഷെഡ്യൂളും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്‍പത് വരെ മിര്‍പുരിലെ ഷേര്‍ ബംഗ്ല നാഷനല്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യയുമായുള്ള മല്‍സരങ്ങള്‍ ഈ തീയതികളിലാണ് നടത്താനിരുന്നത്. ഇതോടെയാണ് പര്യടനം നടക്കുമോ എന്ന തരത്തില്‍ ആശങ്കകള്‍ ഉയര്‍ന്നത്. 

ഇന്ത്യയുമായുള്ള പര്യടനം നിശ്ചയിച്ചത് പോലെ നടക്കുമെങ്കില്‍ ആഭ്യന്തര മല്‍സരം മാറ്റി വച്ചേക്കുമെന്ന് തമീം വിശദീകരിച്ചിട്ടുണ്ട്. 'ടൂര്‍ണമെന്റ് മിറാപുരിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ വേണ്ടി വന്നാല്‍ വെറും രണ്ട് മിനിറ്റ് കൊണ്ട് അത് ബസുന്ധരയിലേക്ക് മാറ്റാന്‍ കഴിയും. അക്കാര്യത്തില്‍ പ്രശ്നമില്ല. ഇന്ത്യന്‍ പര്യടനത്തിന്റെ തീയതികള്‍ ഉറപ്പിച്ചാല്‍ അതനുസരിച്ച് ഷെഡ്യൂള്‍ മാറ്റാന്‍ ബംഗ്ലദേശ് തയാറാണ്'- തമീം പറഞ്ഞു. 

2025 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന പരമ്പരയാണ് ഈ വര്‍ഷം സെപ്റ്റംബറിലേക്ക് ആദ്യം മാറ്റിവച്ചത്. സെപ്റ്റംബറിലെ പര്യടനത്തിനായുള്ള ടീമിനെ ജനുവരിയില്‍ തന്നെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ തീയതി അടുത്തിട്ടും മറ്റ് വിശദാംശങ്ങള്‍ ബിസിസിഐ പ്രഖ്യാപിക്കാതിരിക്കുന്നതും ആശങ്കയേറ്റുന്നുണ്ട്. 

ഐപിഎല്‍ ലേലത്തിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങള്‍ ഇരുബോര്‍ഡുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിന് പിന്നാലെ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഐപിഎലിനെത്തിയിരുന്നില്ല. ട്വന്‍റി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ബംഗ്ലദേശ് ഇല്ലെന്ന് അന്നത്തെ ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്​ലാം പ്രഖ്യാപിച്ചതും വലിയ വിവാദങ്ങളുണ്ടാക്കി. പക്ഷേ തമീം പ്രസിഡന്റായതിന് ശേഷം നിര്‍ണായക പുരോഗതിയാണ് ഇരു ബോര്‍ഡുകള്‍ക്കുമിടയിലുണ്ടായത്. ഈ മാസം ആദ്യം ബെംഗളൂരുവിലെത്തിയ അദ്ദേഹം സെന്‍റര്‍ ഫോര്‍ എക്സലന്‍സ് സന്ദര്‍ശിക്കുകയും ഉന്നതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പര്യടനം ഇന്ത്യ ഉപേക്ഷിച്ചതായി തമീമും തീര്‍ത്ത് പറയുന്നില്ല പകരം സെപ്റ്റംബര്‍ മൂന്ന് എന്നുള്ള തീയതിയില്‍ മാറ്റം വരുമെന്നാണ് വ്യക്തമാക്കിയതെന്നും ഇരു ബോര്‍ഡുകളും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

The upcoming India-Bangladesh cricket series, originally scheduled for early September, may face a postponement as discussions between the BCCI and the Bangladesh Cricket Board (BCB) continue. BCB President Tamim Iqbal confirmed that dates are being reconsidered while noting that domestic tournament schedules can be adjusted once final fixtures are locked. Although the tour faced prior scheduling shifts and recent diplomatic tensions, bilateral relations have improved following Tamim's recent visit to Bengaluru. Both boards are expected to make an appropriate joint decision regarding the revised dates soon.