ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയില്‍ 23ന് ആരംഭിക്കുന്ന ടെസ്റ്റില്‍ മധ്യപ്രദേശില്‍ നിന്നുള്ള സരാന്‍ഷ് ജെയിന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ സുന്ദറിനേറ്റ പരുക്കിനെ തുടര്‍ന്നാണ് 33കാരനായ സരാന്‍ഷ് ടീമില്‍ ഇടംപിടിച്ചത്. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ സരാന്‍ഷിനെ വാലറ്റത്തും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. 2014 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വര്‍ഷമാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നതും കാത്തിരുന്നത്.
കൊളംബോ ടെസ്റ്റില്‍ സൂപ്പര്‍താരം കുല്‍ദീപ് യാദവിന് പകരം പ്ലേയിങ് ഇലവനില്‍ സരാന്‍ഷ് ഇടംപിടിക്കുമെന്ന് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്പിന്നര്‍മാരെ കാര്യമായി തുണച്ച ഗോളിലെ പിച്ചില്‍ കുല്‍ദീപിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനമാണ് സരാന്‍ഷ് കാഴ്ച വയ്ക്കുന്നത്. 181 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 2,223 റണ്‍സുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സരാന്‍ഷിന്‍റെ സമ്പാദ്യം. സരാന്‍ഷിന്‍റെ പിതാവ് സുബോധ് ജെയിനും രഞ്ജി താരമായിരുന്നു. മധ്യപ്രദേശിന്‍റെ വലങ്കയ്യന്‍ ബോളറായിരുന്ന സുബോധിന് പക്ഷേ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള ഭാഗ്യമുണ്ടായില്ല.
ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ165 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പരമ്പരയില്‍ 1–0ത്തിന് മുന്നിലാണ്. മാനവ് സുതാര്‍ പത്ത് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ മല്‍സരത്തില്‍ ദേവ്ദത്ത് പടിക്കലായിരുന്നു പ്ലേയര്‍ ഓഫ് ദ് മാച്ച്.