ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ജയം ഇന്ത്യയ്ക്കും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പകരുന്നത് വലിയ ആത്മവിശ്വാസം. ദേവദത്ത് പടിക്കല്‍ മൂന്നാം നമ്പരില്‍ തിളങ്ങിയതും മാനവ് സുതാറിന്‍റെ മികവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുന്നു. ഗോള്‍ ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തി നാലാമതായി.
ശ്രീലങ്കയില്‍ വിമാനമിറങ്ങുമ്പോള്‍ ലോക ടെസ്റ്റ് റാങ്കിങില്‍ അഞ്ചാമതായിരുന്നു ഇന്ത്യ. ഗോളില്‍ 600–ാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ഏറെക്കാലത്തിന് ശേഷമാണ് ഒരു മൂന്നാം നമ്പര്‍ ബാറ്റര്‍ സെഞ്ചുറി നേടുന്നത്. കളിയിലെ കേമനായ ദേവദത്ത് പടിക്കല്‍ സന്നാഹ മല്‍സരത്തിലെ സെഞ്ചുറി നേട്ടം ആദ്യ ടെസ്റ്റിലും തുടര്‍ന്നതും. കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുതാര്‍ രണ്ടിന്നിങ്സിലുമായി പത്തുവിക്കറ്റ് കൊയ്തതും ടീമിന് പകരുന്ന ആത്മവിശ്വാസം എറെയാണ്.
ശ്രീലങ്കൻ സ്പിൻ ആക്രമണത്തെ അതിജീവിച്ച് ബാറ്റിങ്ങിൽ അടിത്തറയിട്ട ഇന്ത്യ, അഞ്ചാം ദിനം പന്തുകൊണ്ടും മത്സരം കൈപ്പിടിയിലാക്കി. 372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ 206 റൺസിന് പുറത്താക്കി, ഇന്ത്യ നേടിയ 165 റൺസിന്‍റെ ജയം ആധികാരികം തന്നെയാണ്. കെ.എൽ. രാഹുലിന്‍റെ 82 റൺസും ആദ്യ ഇന്നിങ്സില്‍ പ്രധാനമായി. ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണെന്ന് വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ശുഭ്മൻ ഗില്ലിന്‍റെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് വിജയങ്ങളുടെ എണ്ണം ആറായി. കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ വര്‍ധിതവീര്യത്തോടെയാകും ഇന്ത്യ ഇറങ്ങുക.