kcl-3

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കംകുറിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസിനെ നേരിടും. രാത്രി 7.30 ന് ചാമ്പ്യന്മാരായ കൊച്ചിൻ ബ്ലൂ ടൈഗർസും റണ്ണേഴ്സ് അപ്പായ കൊല്ലം സെയ്‌ലേഴ്സും തമ്മിലാണ് രണ്ടാം മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

ഓണക്കാലത്ത് മലയാളിക്ക് ആഘോഷിക്കാനുള്ള വകയാണ് ക്രിക്കറ്റ് പൂരവും. കേരള ക്രിക്കറ്റിന്‍റെ പുതിയ മുഖവും മേൽവിലാസവുമായ കേരള ക്രിക്കറ്റ് ലീഗ് കൂടുതൽ മികവോടെ തിരിച്ചെത്തുകയാണ്. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ആവേശമെല്ലാം അലതല്ലുന്ന മറ്റൊരു സീസൺ. പുതിയ സീസണിൽ പഴുതടച്ച തയ്യാറെടുപ്പുകളോടെ ആണ് ആറു ടീമുകളും ഇറങ്ങുന്നത്. 

ബാറ്റിംഗ്, ബോളിങ്, ഓൾറൗണ്ടർ തുടങ്ങി എല്ലാ തലങ്ങളിലെല്ലാം മികച്ച സമതുലിതമായ സ്ക്വാഡാണ് ഓരോ ടീമും കെട്ടിപ്പടുത്തത്. അതിനാൽ അപ്രവചനീയം ആയിരിക്കും ഓരോ കളിയും. ആദ്യ സീസണിൽ കൊല്ലം സൈലേഴ്‌സും കഴിഞ്ഞ സീസണിൽ കൊച്ചിൻ ബ്ലൂ ടൈഗേഴ്സുമാണ് ചാമ്പ്യന്മാർ ആയത്. മൂന്നാം സീസണിൽ ആറ് ടീമുകൾക്കും തുല്യ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. 

ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന ഉൽഘാടന മത്സരത്തിൽ ആദ്യ സീസണിലെ റണ്ണേഴ്സപ്പായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് തൃശ്ശൂർ ടൈറ്റൻസിനെ നേരിടും. ആദ്യ മത്സരത്തിന് ശേഷം വൈകിട്ട് ആറ് മണിക്ക് വർണാഭമായ  ഉദ്ഘാടന ചടങ്ങുകൾ നടക്കും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് രണ്ടാം മത്സരം.

മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ഇന്ന് മുതൽ സ്റ്റേഡിയത്തിൽ ഫാൻ വില്ലേജും ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാൻ വില്ലേജിലേക്ക് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ അഞ്ചുവരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Kerala Cricket League Season 3 begins today, promising an exciting T20 cricket spectacle for fans. The tournament features six well-balanced teams competing at Greenfield Stadium, with inauguration matches scheduled for the afternoon and evening.