India's Yashasvi Jaiswal plays a shot during day one of the second cricket test match between Sri Lanka and India in Colombo, Sri Lanka, Sunday, Aug. 23, 2026. (AP Photo/Eranga Jayawardena)

  • യശസ്വിയുടെ പെരുമാറ്റം ശരിയായിരുന്നോ എന്ന തരത്തില്‍ മുന്‍ താരം ഹര്‍ഷ് ഭോഗ്​െല പ്രതികരിച്ച വിഡിയോയ്ക്ക് ചുവടെ യശസ്വി തന്നെ കമന്‍റുമായി എത്തിയതും വിഷയം വഷളാക്കി

കൊളംബോ ടെസ്റ്റിന്‍റെ ഒന്നാം ദിനം ലങ്കന്‍ പേസറുമായി ഉടക്കി ഐസിസി നടപടി നേരിട്ട യശസ്വി ജയ്സ്വാളിന് മുന്നറിയിപ്പുമായി മുന്‍താരങ്ങള്‍. വികാരങ്ങളെ നിയന്ത്രിച്ചാല്‍ യശസ്വിക്ക് കൊള്ളാമെന്നും അല്ലെങ്കില്‍ നാശത്തിലാകും ഇത് കലാശിക്കുകയെന്നുമാണ് മുന്നറിയിപ്പ്. 'പുറത്ത് വന്നതും ആളുകള്‍ കണ്ടതും ഒട്ടും നല്ല ദൃശ്യങ്ങള്‍ ആയിരുന്നില്ല. കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നല്ല ദേഷ്യം വരും, എനിക്കത് മനസിലാകും. യശസ്വി നിരാശപ്പെട്ടതും, ആ സമയത്ത് ലങ്കന്‍ താരത്തോട് ചൂടായതും വരെ അംഗീകരിക്കാം. പക്ഷേ അതിന് ശേഷം രണ്ടുപേരും തമ്മില്‍ തല കൊണ്ടിടിക്കാന്‍ നോക്കിയത് കളിക്കളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്' ചേതേശ്വര്‍ പൂജാര സോണി സ്പോര്‍ട്സിന്‍റെ പരിപാടിയില്‍ പറഞ്ഞു. Read More: മല്‍സരത്തിനിടെ ഏറ്റുമുട്ടി; ജയ്‌സ്വാളിനും അസിത ഫെർണാണ്ടോയ്ക്കും പിഴയും ഡിമെറിറ്റ് പോയിന്റും

വിക്കറ്റ് വീഴുമ്പോള്‍ ഇത്തരം പ്രതികരണം സ്വാഭാവികമാണെന്നും പക്ഷേ അതില്‍ അതിവൈകാരികമായി പ്രതികരിച്ചാല്‍ നാശത്തിലാകും കലാശിക്കുകയെന്ന് വെങ്കട്ട് രാമനും പ്രതികരിച്ചു. 'നിങ്ങള്‍ കടക്കാന്‍ പാടില്ലാത്ത ഒരു അതിര്‍ത്തി അവിടെയുണ്ട്. നന്നായി കളിക്കുന്നതിനിടയിലാണ് യശസ്വി പുറത്തായത്. ടെസ്റ്റ് മാച്ചില്‍ അങ്ങനെ റണ്‍ ഔട്ടാകുന്നത് സാധാരണമല്ല. പക്ഷേ പുറത്തായി, അതിന്‍റെ നിരാശ ഇങ്ങനെയാണ് പുറത്തുവന്നത്'– രാമന്‍ വിശദീകരിച്ചു. Also Read: ഔട്ടായതിന് അംപയറെ ബാറ്റ് കൊണ്ട് തല്ലി ഗുരുതര പരുക്കേല്‍പ്പിച്ചു; 36 വര്‍ഷത്തിന് ശേഷം ബാറ്റ്സ്മാന്‍ പിടിയില്‍

അതേസമയം, കളിക്കാര്‍ക്ക് വരുന്ന തലമുറയോട് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നായിരുന്നു സബാ കരീമിന്‍റെ പ്രതികരണം. 'ഇത് കേവലമൊരു കരാര്‍ കളിയല്ലെന്ന് താരങ്ങളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കണം. ഇത് ക്രിക്കറ്റാണ്. എതിര്‍താരത്തെ തലകൊണ്ടിടിക്കുന്നത് ഈ കളിയില്‍ പറഞ്ഞിട്ടുള്ളതല്ല. ക്രിക്കറ്റില്‍ അതിന്‍റെ ആവശ്യമില്ല. പുതിയ തലമുറ നിങ്ങളെയൊക്കെ കാണുന്നുണ്ട്'- കരീം വിശദീകരിച്ചു.

കളിയുടെ 17–ാം ഓവറിലായിരുന്നു വിവാദ തലയ്ക്കിടി നടന്നത്. അര്‍ധ സെഞ്ചറിയിലേക്ക് നീങ്ങിയ യശസ്വിയെ 45 റണ്‍സില്‍ അസിത ഫെര്‍ണാണ്ടോ പുറത്താക്കി. ഇതിന് പിന്നാലെയായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും. യശസ്വിയുടെ പെരുമാറ്റം ശരിയായിരുന്നോ എന്ന തരത്തില്‍ മുന്‍ താരം ഹര്‍ഷ് ഭോഗ്​ലെ പ്രതികരിച്ച വിഡിയോയ്ക്ക് ചുവടെ യശസ്വി തന്നെ കമന്‍റുമായി എത്തിയതും വിഷയം വഷളാക്കി. ക്യാമറയില്‍ കണ്ടത് മാത്രമല്ല ഗ്രൗണ്ടില്‍ സംഭവിച്ചതെന്നും അവര്‍ പ്രകോപിപ്പിച്ചതിന് തിരിച്ച് മറുപടി പറയുകയാണ് ഉണ്ടായതെന്നും യശസ്വി കുറിച്ചു. തന്നോട് പറഞ്ഞതെന്താണെന്ന് കേള്‍ക്കാത്തവര്‍ക്ക് എന്തും പറയാമെന്നും എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും യശസ്വി കുറിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ഐസിസി യശസ്വിക്കും ഫെര്‍ണാണ്ടോയ്ക്കും ഈടാക്കിയത്. ഇതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്‍റും നല്‍കി.

ENGLISH SUMMARY:

Indian cricketer Yashasvi Jaiswal has received strong warnings from former players following an on-field altercation with a Sri Lankan fast bowler during the Colombo Test. During the 17th over of the match, after being dismissed for 45 runs by Asitha Fernando, Jaiswal engaged in a heated verbal spat and a physical head-butting gesture with the bowler, leading to an ICC penalty of 25% match fee deduction and a demerit point. Former cricketers including Cheteshwar Pujara, Venkatapathy Raman, and Saba Karim criticized his aggressive behavior, noting that while frustration is natural, crossing boundaries and setting a poor example for the younger generation could ruin his career. Jaiswal later defended his actions on social media by claiming he was provoked by the opposition, though his comments only further fueled the controversy.