ഇംഗ്ലണ്ടിനോട് രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടീമില്‍ നിന്ന് പിസിബി പുറത്താക്കിയെന്ന വാര്‍ത്ത പാക് ക്രിക്കറ്റ് താരങ്ങള്‍ ആദ്യം വിശ്വസിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഫെയ്ക്ക് ന്യൂസ് ആരോ അടിച്ചുവിട്ടതാണെന്നും ഇതിലൊന്നും കാര്യമില്ലെന്നും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട സൂപ്പര്‍താരം സഹതാരങ്ങളോട് പറഞ്ഞുവെന്നാണ് ടെലിഗ്രാഫിന്‍റെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ആരോ പറ്റിക്കാന്‍ നോക്കുന്നതായിരിക്കുമെന്ന് താരങ്ങള്‍ പിന്നീട് പരസ്പരം പറഞ്ഞുവെന്നും യാഥാര്‍ഥ്യമറിഞ്ഞ് താരങ്ങള്‍ നടുങ്ങിപ്പോയെന്നും 'ദ് ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: ഹാര്‍ദിക് പാണ്ഡ്യ മുംബൈയില്‍ തുടരും; ക്യാപ്റ്റന്‍സി ലഭിക്കില്ല; തീരുമാനം രോഹിതിന്റെ കയ്യില്‍
മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ ആഗ, അലി ഉസ്മാന്‍, ആമിര്‍ ജമാല്‍, ഒവൈസ് സഫര്‍, ഖുറം ഷെഹ്സാദ് എന്നിവരെയാണ് പിസിബി പാക് ടീമില്‍ നിന്ന് പുറത്താക്കിയത്. സയിം അയൂബിനും അബ്ദുല്ല ഫസലിനുമൊപ്പം അഞ്ച് അണ്‍ ക്യാപ്ഡ് പ്ലേയേഴ്സിനെയാണ് പകരക്കാരായി അയയ്ക്കുന്നത്. അറാഫത് മിനാസ്, മുഹമ്മദ് ഇമ്രാന്‍ ജൂനിയര്‍, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാന്‍ രണ്‍ധാവ, റസാവുള്ള എന്നിവരാണ് ആ അഞ്ചുപേര്‍. ഇവര്‍ക്കൊപ്പം മൈക്ക് ഹസന്‍, ആഷ്ലി നോഫ്കെ എന്നിവരും ടെസ്റ്റ് കോച്ചിങ് സ്റ്റാഫിനൊപ്പം ചേരും.
ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇമാം ഉള്‍ ഹഖിനെയും മുഹമ്മദ് റിസ്വാനെയും ഉള്‍പ്പെടുത്തിയതില്‍ സിലക്ടര്‍മാരോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. ഏജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പ് നാട്ടിലേക്ക് മടങ്ങാന്‍ രണ്ട് കോച്ചുമാരോടും ഏഴ് കളിക്കാരോടും നോട്ടിസ് മുഖേനെ ആവശ്യപ്പെട്ടുവെന്നാണ് ക്രിക് ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമ്പര നടക്കുന്നതിനിടെ ടീമിലെ ഏഴു താരങ്ങളെയും കോച്ചുമാരെയും മാറ്റിയതില്‍ പ്രതിഷേധിച്ച് മുന്‍ ക്യാപ്റ്റനും സിലക്ഷന്‍ കമ്മിറ്റിയംഗവുമായ മിസ്ബ ഉള്‍ ഹഖ് രാജി പ്രഖ്യാപിച്ചിരുന്നു. പിസിബി പക്ഷേ മിസ്ബയുടെ രാജി ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ലഹോറിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കണ്‍സള്‍ട്ടന്‍റ് പദവിയും മിസ്ബ ഒഴിഞ്ഞേക്കുമെന്നാണ് സൂചന.